പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍; ഇടതുഭരണത്തില്‍ പൊലീസ് സംവിധാനം താറുമാറായെന്ന് ചെന്നിത്തല; പിണറായി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ലെന്ന് ഉമ്മന്‍ ചാണ്ടി

single-img
13 May 2018

തിരുവനന്തപുരം: പത്തുവയസ്സുകാരിയെ തിയറ്ററില്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടും അതു മറച്ചു വയ്ക്കുകയും കേസെടുക്കാതിരിക്കുകയും ചെയ്ത പൊലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടികളും ക്രിമിനല്‍ നടപടികളും ഉടന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും അദ്ദേഹം കത്തു നല്‍കി.

ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി പൂര്‍ണ്ണ പരാജയമാണെന്നു ചെന്നിത്തല പറഞ്ഞു. പൊലീസിന്റെ പരമ്പരാഗത സംവിധാനത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റമാണ് പ്രശ്‌നങ്ങളുടെ മൂലകാരണം. പൊലീസിലെ രാഷ്ട്രീയവല്‍ക്കരണവും കാര്യക്ഷമതയില്ലായ്മയും ദുഷ്‌പേരും പൊതുജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിക്കാന്‍ കഴിയാത്ത പൊലീസ് ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതല ഏല്‍പ്പിച്ചതുമാണ് പരമ്പാരാഗതമായി കേരള പൊലീസിനുണ്ടായിരുന്ന സല്‍പ്പേര് നഷ്ടമാക്കിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഇന്റലിജന്‍സ് എഡിജിപിയെ നാലു തവണ മാറ്റി. രണ്ടു വര്‍ഷത്തിനിടയില്‍ അഞ്ചാം തവണയാണ് എസ്പിമാരെ മാറ്റുന്നത്. പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാര്‍ക്ക് നല്‍കിയതോടെ എസ്‌ഐമാരുടെ പ്രാധാന്യം നഷ്ടമായി. പൊലീസ് അസോസിയേഷനുകളാണ് സ്റ്റേഷന്‍ ഭരിക്കുന്നത്. ഇപ്രകാരം അപകടകരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

അതേസമയം എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കയ്യില്‍ കിട്ടിയിട്ടും നടപടിയെടുക്കാതെ അനങ്ങാപ്പാറ നയം സ്വീകരിച്ച പൊലീസുകാരുടെ മനോഭാവം ആ ശിശുപീഡകന്റെ മനോനിലയോട് ചേര്‍ത്തുവയ്ക്കാവുന്നതാണെന്ന് പറഞ്ഞ സ്പീക്കര്‍ പൊലീസിലെ ഇത്തരം പുഴുക്കുത്തുകളാണ് സേനയ്ക്കാകെ അപമാനം വരുത്തിവയ്ക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ, മാഹിയില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് ശരിയായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിണറായി വിജയന്‍ പാര്‍ട്ടിയുടെയല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. കേന്ദ്ര സംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസിന്റെ അഭാവം നിറഞ്ഞു നില്‍ക്കുകയാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.