കോഴിയിറച്ചി വില കിലോയ്ക്ക് 200 രൂപ കടക്കുമെന്ന് വ്യാപാരികള്‍

single-img
12 May 2018

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ ഇരട്ടിയിലേറെ വിലയാണ് കൂടിയത്. മൂന്നാഴ്ചകള്‍ക്കു മുമ്പ് 65 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിക്ക് 125 രൂപ വരെ വിലയെത്തിയിരിക്കുകയാണ്.

കനത്ത ചൂടും ജലദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം റംസാന്‍ എത്തുന്നതോടെ വില ഇനിയും കുതിയ്ക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.എപ്പോള്‍ വേണമെങ്കിലും കോഴിയിറച്ചി വില 200 രൂപയില്‍ എത്താമെന്ന് വ്യാപാരികള്‍ പറയുന്നു.

ജിഎസ്ടിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി കോഴിയിറച്ചി വില നിയന്ത്രിക്കുമെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനമാണ് ഇതോടെ പാഴ്‌വാക്കായത്. കോഴി ഇറച്ചിയുടെ വില 100 കടക്കാതെ നിലനിര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം നിലനില്‍ക്കെയാണ് വില കുതിക്കുന്നത്.