വാട്‌സ്ആപ്പില്‍ വ്യാജ സന്ദേശം; തമിഴ്‌നാട്ടില്‍ രണ്ടു പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

single-img
11 May 2018

വ്യാജ വാട്‌സാപ് സന്ദേശങ്ങളുടെ പേരില്‍ തമിഴ്‌നാട്ടില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടതു രണ്ടുപേര്‍. പുറത്തുനിന്നെത്തിയവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന രീതിയിലുള്ള വ്യാജസന്ദേശങ്ങളില്‍ വിശ്വസിച്ചവരാണു തമിഴ്‌നാട്ടില്‍ രണ്ടു പേരെ അക്രമിച്ചത്.

ബുധനാഴ്ച തമിഴ്‌നാട്ടിലെ പുലിക്കട്ടില്‍ യുവാവിനെ ഒരു സംഘം തല്ലിക്കൊന്ന ശേഷം പാലത്തില്‍നിന്നു താഴേക്കു തൂക്കിയെന്നാണു വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തിരിക്കുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനായി വന്ന ഉത്തരേന്ത്യക്കാരനെന്നു കരുതിയാണ് ആള്‍കൂട്ടം ഇയാളെ തല്ലിക്കൊന്നതെന്നു പൊലീസ് അറിയിച്ചു. തിരുവണ്ണാമലൈ ഗ്രാമത്തിലാണു രണ്ടാമത്തെ സംഭവം. രുക്മിണി എന്ന അറുപത്തിനാലുകാരിക്കു നേരെയായിരുന്നു അതിക്രമം.

രുക്മണിയും മലേഷ്യയില്‍ നിന്നെത്തിയ ബന്ധുക്കളും ക്ഷേത്രത്തില്‍ പോയി തിരിച്ചു വരുന്നതിനിടെ വഴിതെറ്റി. കാര്‍ നിര്‍ത്തി നാട്ടുകാരിലൊരാളോട് വഴി ചോദിക്കുന്നതിനിടെ തൊട്ടടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് ചോക്കലേറ്റ് നല്‍കി. ഇതാണ് നാട്ടുകാരെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരാണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമാക്കിയത് എന്ന് പോലീസ് പറഞ്ഞു.

പിന്നീട് തടിച്ചുകൂടിയ അഞ്ഞൂറോളം പേരുടെ മുന്നില്‍ ഒന്നും പറഞ്ഞു മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിന് മുമ്പേ കാറില്‍ നിന്നും വലിച്ചിറക്കി ജനക്കൂട്ടം മര്‍ദിക്കുകയായിരുന്നു. 65 കാരിയായ രുക്മണി സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. 200 ല്‍പരം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഉത്തരേന്ത്യന്‍ സംഘം തമിഴ്‌നാട്ടില്‍ ഇറങ്ങിയിട്ടുണ്ടെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് കൊടുത്തുകൊണ്ടുള്ള വ്യാജ സന്ദേശങ്ങള്‍ വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്നുണ്ട്.