പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിലെ മുദ്രാവാക്യം വിളി അന്വേഷിക്കും; റേഞ്ച് ഐജിമാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി

single-img
11 May 2018

തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംഭവത്തെക്കുറിച്ച് റേഞ്ച് ഐജിമാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.ജി.പിയുടെ ഉത്തരവ്. ചട്ടലംഘനം ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സേനയുടെ അച്ചടക്കം ലംഘിച്ചെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിവരമുണ്ട്.

അതേസമയം, പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ ഇന്ന് നടക്കാനിരുന്ന രക്തസാക്ഷി അനുസ്മരണത്തില്‍ മാറ്റം വരുത്തി. മുദ്രാവാക്യം വിളി ഒഴിവാക്കി പുഷ്പാര്‍ച്ചന മാത്രമാണ് നടന്നത്.

രക്ഷസാക്ഷി സ്തൂപത്തിന്റെ നിറം നേരത്തെ തന്നെ ചുവപ്പില്‍ നിന്നും നീലയിലേക്ക് മാറ്റിയിരുന്നു. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് പകരം പൊലീസ് അസോസിയേഷന്‍ സിന്ദാബാദെന്നും ആക്കിയിട്ടുണ്ട്. പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്നും അസോസിയേഷന്‍ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.