പെട്രോള്‍ ഡീസല്‍ വില ഇനി എത്ര രൂപ കൂടുമോ ആവോ?; നാളെ കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുകയല്ലേ…

single-img
11 May 2018

പെട്രോള്‍ ഡീസല്‍ വില ഇനി എത്ര രൂപ കൂടുമോ ആവോ?. ഒരു സാധാരണക്കാരന്റെ ഇപ്പോഴത്തെ സംശയം ഇതാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചതോടെ ഏപ്രില്‍ 24ന് ശേഷം എണ്ണക്കമ്പനികള്‍ ഇന്ധന വിലയില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

ഇറാനുമായുള്ള ആണവക്കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതോടെ എണ്ണവില ഇപ്പോള്‍ റെക്കോര്‍ഡിലേക്ക് എത്തിയിരിക്കുകയാണ്. ബാരലിന് 77 ഡോളര്‍. എന്നിട്ടും എണ്ണക്കമ്പനികള്‍ വില കൂട്ടാതെ പിടിച്ചു നില്‍ക്കുകയാണ്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് മോദി സര്‍ക്കാര്‍ ഇന്ധനത്തിന് വില കൂട്ടരുതെന്ന് കൃത്യമായ നിര്‍ദ്ദേശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയെന്നാണ് വിവരം.

എന്നാല്‍ നാളെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവിലയില്‍ വലിയ മാറ്റം ഉണ്ടാകും എന്നു തന്നെയാണ് കരുതുന്നത്. രൂപയുടെ മൂല്യവും ഇടിഞ്ഞിരിക്കുകയാണ്. ഒരു ഡോളറിന് 67 രൂപ 42 പൈസ എന്ന വിനിമയ നിരക്കിലേക്ക് രൂപയെത്തി. 15 മാസത്തിനിടയിലെ രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണിത്.

വിപണിവിലയ്ക്കനുസരിച്ചു ഇന്ധനവില നിശ്ചയിക്കാന്‍ ആഭ്യന്തര എണ്ണക്കമ്പനികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ആഗോള എണ്ണ വിലയെ പഴിചാരി വില നിയന്ത്രണം അസാധ്യമാണെന്ന് ആവര്‍ത്തിക്കുന്ന മോദി സര്‍ക്കാരിന്, വേണമെങ്കില്‍ ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇത്രയും നാള്‍ കണ്ടത്. പക്ഷേ അതിന് തെരഞ്ഞെടുപ്പ് പോലെയുള്ള എന്തെങ്കിലുമൊക്കെ വരണമെന്ന് മാത്രം.