മുസ്ലിങ്ങള്‍ നിസ്‌കരിച്ചതിനാല്‍ വിദ്യാര്‍ഥികളുടെ ‘നീറ്റ്’ പരീക്ഷ മുടങ്ങി; കഴിഞ്ഞ വര്‍ഷത്തെ റംസാന്‍ നമസ്‌കാരത്തിന്റെ ചിത്രം ഉപയോഗിച്ച് വീണ്ടും സംഘപരിവാറിന്റെ വ്യാജ പ്രചരണം

single-img
11 May 2018

മുസ്ലിങ്ങള്‍ റെയില്‍ പാളത്തില്‍ നിസ്‌കരിച്ചതിനാല്‍ നീറ്റ് പരീക്ഷയ്ക്കായി തമിഴ്‌നാട്ടില്‍ നിന്നും യാത്ര പുറപ്പെട്ടവര്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാനായില്ലെന്ന വ്യാജ പ്രചരണം അഴിച്ചുവിട്ട് സംഘപരിവാര്‍. മുസ്ലിങ്ങള്‍ നിസ്‌കരിക്കുന്നതും തീവണ്ടി നിര്‍ത്തിയിട്ടിരിക്കുന്നതുമായ ചിത്രം പ്രചരിപ്പിച്ചുകൊണ്ടാണ് സംഘപരിവാര്‍ വര്‍ഗീയ മുതലെടുപ്പ് നടത്തുന്നത്.

ചിത്രത്തിനടിയില്‍, റെയില്‍പാത നിസ്‌കാരത്തിനായി തടസപ്പെടുത്തിയിരിക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാനായില്ലെന്നും പരീക്ഷ എഴുതാനായില്ലെന്നുമുള്ള അടിക്കുറിപ്പോടെയുമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്

വാട്‌സാപ്പില്‍ വലിയ തോതിലാണ് വിവിധ ഗ്രൂപ്പുകളിലൂടെ ചിത്രം പ്രചരിക്കുന്നത്. എന്നാല്‍ ചിത്രത്തിലുള്ള സ്ഥലം എവിടെയെന്നോ എപ്പോഴെന്നോ പറയുന്നില്ല. അതേസമയം, 2017 ജൂണില്‍ ‘ടൈംസ് ഓഫ് ഇന്ത്യ’യിലെ ഫോട്ടോ ജേര്‍ണലിസ്റ്റായ അനിന്ധ്യ ചതോപാദ്യായ പകര്‍ത്തിയ ചിത്രമാണിതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.

റംസാന്‍ നമസ്‌കാരത്തിന്റെ ചിത്രങ്ങളാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ജൂണ്‍ 23, 2017ല്‍ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രമാണ് സംഘപരിവാര്‍ മെയ് 7, 2018ല്‍ വര്‍ഗീയ പ്രചരണത്തിനായി ഉപയോഗിക്കുന്നത്.

‘മുസ്ലിങ്ങള്‍ കാലങ്ങളായി തുടര്‍ന്നുപോരുന്നതാണിത്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇത്തരം ചിത്രങ്ങള്‍ താന്‍ എടുത്തിട്ടുണ്ട്. റെയില്‍വേയിലെ മുസ്ലിം വിഭാഗക്കാരാണ് ഈ പ്രാര്‍ഥനക്ക് തുടക്കമിടുന്നത്. 15-20 മിനിറ്റുവരെ എല്ലാ കൊല്ലവും തീവണ്ടി ഇതിനായി നിര്‍ത്തിയിടാറുണ്ട്. നിരന്തരമായി ചെയ്യുന്ന ഒരു ചടങ്ങാണ്’; അനിന്ധ്യ ചതോപാദ്യായ പറഞ്ഞു.