ചില പമ്പുകളില്‍ നിന്ന് പെട്രോള്‍ നിറച്ചാല്‍ മൈലേജ് കുറയും, ചിലപ്പോള്‍ നിറച്ച് കരടായിരിക്കും….: പെട്രോള്‍ പമ്പില്‍ ‘പണി’ കിട്ടാതിരിക്കാന്‍ എളുപ്പവഴി ഇതാ

single-img
10 May 2018

പെട്രോള്‍ പമ്പില്‍ ചെന്ന് ‘നൂറ് രൂപയ്ക്ക് ‘ ‘500 രൂപയ്ക്ക്’ എന്നക്കെ പറഞ്ഞ് ഡിസ്പ്‌ളേയില്‍ നോക്കി നില്‍ക്കുന്നവരാണ് നമ്മളിലേറെ പേരും. പറഞ്ഞ തുകയ്ക്കുള്ള ഇന്ധനം ടാങ്കില്‍ എത്തി എന്നതിന് ഒരുറപ്പുമില്ല. ഒരു ലിറ്ററില്‍ 50 മുതല്‍ 70 മില്ലി ലിറ്റര്‍ വരെ കുറവു വരുത്തുന്ന രീതിയില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് ലീഗല്‍ മെട്രോളജി പരിശോധനയില്‍ അടുത്തിടെയാണ് കണ്ടെത്തിയത്. മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചായിരുന്നു ഈ തട്ടിപ്പ്.

പെട്രോള്‍ പമ്പുകളില്‍ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് നാം നിത്യേന പരാതികള്‍ കേള്‍ക്കാറുണ്ട്. പരാതിയുമായി പമ്പ് ഉടമകളേ സമീപിച്ചാലോ? പ്രതികരണം ഊഹിക്കാവുന്നതേ ഉള്ളൂ… വിവിധ ഓയില്‍ കമ്പനികളുടെയും സര്‍ക്കാരിന്റെയും നിയമങ്ങള്‍ പ്രകാരം മായം, അളവ് എന്നിവ കണക്കാക്കാനുള്ള ഉപകരണങ്ങള്‍ എല്ലാം പമ്പുകളിലും നിര്‍ബന്ധമാണ്.

നമ്മളില്‍ എത്ര പേര്‍ അത് കണ്ടിട്ടുണ്ട് ? അല്ലെങ്കില്‍ ആ അവകാശം വിനിയോഗിച്ചിട്ടുണ്ട് ? പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനോടൊപ്പം കിട്ടുന്ന ഇന്ധനം മായം കലരാത്തതാണോ എന്നും പരിശോധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

ഫില്‍റ്റര്‍ പേപ്പര്‍

സാധാരണയായി വാട്ട് മാന്‍ ഫില്‍റ്റര്‍ പേപ്പറാണ് ഉപയോഗിക്കാറ്. ഇന്ധനത്തില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് അറിയാനായി ഒരു തുള്ളി ഇന്ധനം ഫില്‍റ്റര്‍ പേപ്പറില്‍ വീഴിക്കുക. മായം ഇല്ലാത്ത ഇന്ധനം 2 മിനിട്ടിനുള്ളില്‍ പേപ്പറില്‍ കറയൊന്നും വരുത്താതെ ആവിയായിപ്പോകും. കറ വരുന്ന പക്ഷം മായം കലര്‍ന്നിട്ടുണ്ടെന്നാണ് അര്‍ഥം (പെട്രോള്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ ചെറിയ പിങ്ക് നിറം കണ്ടാല്‍ അത് പെട്രോളിന്റെ നിറമാണ്, മായം അല്ല). ഇത് ഉടമയെക്കാണിച്ച് നമുക്ക് പരാതിപ്പെടാം.

വെള്ളം കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍

പമ്പിന്റെ ഇന്ധന സംഭരണിയിലെ അളവ് അളക്കാന്‍ ഉപയോഗിക്കുന്ന ഡിപ്പ്‌റോഡില്‍ പമ്പിലുള്ള വാട്ടര്‍ പേസ്റ്റ് തേയ്ക്കുകയാണെങ്കില്‍ വെള്ളം കലര്‍ന്നിട്ടുണ്ടോ എന്ന് നിഷ്പ്രയാസം കണ്ടെത്താം.

ഹൈഡ്രോമീറ്റര്‍ & എ എസ് ടി എം

എ എസ് ടി എം എന്നാല്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ടെസ്‌റിങ്ങ് മെറ്റീരിയല്‍. അഞ്ചു മുതല്‍ പത്ത് മിനിറ്റുകള്‍ കൊണ്ട് നടത്താവുന്ന ടെസ്റ്റാണ്. 500 എംഎല്‍ ജാറിന്റെ മുക്കാല്‍ ഭാഗവും ഇന്ധനം നിറച്ച് തെര്‍മ്മോമീറ്ററും ഹൈഡ്രോമീറ്ററും ജാറിന്റെ ഭിത്തികളില്‍ മുട്ടാതെ മുക്കിവയ്ക്കുക. അഞ്ച് മിനിട്ടുകള്‍ക്ക് ശേഷം ലഭിക്കുന്ന ഡെന്‍സിറ്റിയും ടെമ്പറേച്ചറും കണ്‍വേര്‍ഷന്‍ ചാര്‍ട്ടിന്റെ സഹായത്തോടെ പരിശോധിക്കുക. 15 ഡിഗ്രി സെന്റിഗ്രേഡിലേക്ക് മാറ്റുമ്പോള്‍കിട്ടുന്ന ഡെന്‍സിറ്റിയുടെ കൃത്യത +/0.003 നേക്കാള്‍ വ്യത്യാസമുണ്ടെങ്കില്‍ മായം കലര്‍ന്നിരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് അര്‍ഥം. നേരത്തേ പറഞ്ഞ ഉപകരണങ്ങളൊക്കെ പമ്പുകളില്‍ വേണമെന്ന് നിര്‍ബന്ധമാണ്.

സജഷന്‍ ബുക്ക്

ഈ ബുക്കില്‍ പമ്പിനെക്കുറിച്ച് എന്ത് പരാതിയുണ്ടെങ്കിലും രേഖപ്പെടുത്താം. ഇതില്‍ രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ പമ്പ് അധികാരികള്‍ ആ ആക്ഷേപത്തിന് മറുപടിയും ബുക്കില്‍ രേഖപ്പെടുത്തണം എന്നാണ് നിയമം. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരാതി വന്നത്, അവ പരിഹരിക്കാന്‍ നടപടിക്രമങ്ങള്‍ എടുത്തിട്ടുണ്ടെങ്കില്‍ എന്തെല്ലാം അങ്ങനെ എല്ലാ വിവരങ്ങളും ഇതില്‍ രേഖപ്പെടുത്തണം.

ഓയില്‍ കമ്പനികള്‍ നടത്തുന്ന ക്വാളിറ്റി പരിശോധനയില്‍ വളരെ ഗൗരവ പൂര്‍വ്വം കാണുന്ന ഒന്നാണ് സജഷന്‍ ബുക്ക്. മേല്‍ പറഞ്ഞ ടെസ്റ്റുകള്‍ എല്ലാം തന്നെ നെഗറ്റീവാണെങ്കില്‍ ബുക്കില്‍ രേഖപ്പെടുത്തുക മാത്രമല്ല അതാത് കമ്പനികളെ അറിയിക്കുകയും വേണം.