പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കാന്‍ പറ്റില്ല; പാത ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്ന് സുപ്രീംകോടതി

single-img
10 May 2018

ഡല്‍ഹിയിലെ കിഴക്കന്‍ അതിവേഗ പാത എത്രയും പെട്ടെന്നു ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഈ മാസം 31നോ അതിനുള്ളിലോ പാത ഉദ്ഘടനം ചെയ്തു ജൂണ്‍ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കു ഗതാഗതത്തിനു തുറന്നുനല്‍കാനാണു നിര്‍ദ്ദേശം.

പാതയുടെ ഉദ്ഘാടനം നടത്താന്‍ ‘പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഇങ്ങനെ അനന്തമായി കാത്തിരിക്കാന്‍ സാധിക്കില്ലെ’ന്ന് ജഡ്ജിമാരായ മദന്‍ ബി.ലൊക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രില്‍ 29നു പാതയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുെട തിരക്കു കാരണം അദ്ദേഹത്തിന്റെ ഓഫീസ് അതു നീട്ടിവയ്ക്കുകയായിരുന്നെന്നു ദേശീയപാതാ അതോറിറ്റി സുപ്രീംകോടതിയെ അറിയിച്ചു.

ഗതാഗതത്തിരക്കു മൂലം വിഷമിക്കുന്ന ഡല്‍ഹി നഗരത്തില്‍ തിരക്കു കുറയ്ക്കാനുദ്ദേശിച്ചാണ് ആറു വരി പാത നിര്‍മിച്ചിരിക്കുന്നത്. ഇപ്പോള്‍ത്തന്നെ ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കു രൂക്ഷമായതിനാല്‍, എത്രയും പെട്ടെന്നു പുതിയ പാത ഗതാഗതത്തിനു തുറന്നുകൊടുക്കണമെന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.