വിജയ് മല്യ നിയമത്തില്‍ നിന്ന് ഒളിച്ചോടുന്നെന്ന് യു.കെ ഹൈക്കോടതി: ആസ്തികള്‍ മരവിപ്പിച്ചതിനെതിരെ നല്‍കിയ ഹര്‍ജി തള്ളി

single-img
10 May 2018

ലണ്ടന്‍: എസ്.ബി.ഐ നയിക്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 9,000 കോടി രൂപ വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ നിയമത്തില്‍ നിന്നും ഒളിച്ചോടുകയാണെന്ന് ബ്രിട്ടനിലെ ഹൈക്കോടതി.

മല്യ ഇപ്പോള്‍ നോണ്‍ റെസിഡന്റ് ടാക്‌സ്‌പേയര്‍ ആണെന്നും കോടതി നിരീക്ഷിച്ചു. മല്യയ്‌ക്കെതിരെ ഇന്ത്യന്‍ കോടതികള്‍ പുറപ്പെടുവിച്ച നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ ബാങ്കുകള്‍ക്ക് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം.

എന്നാല്‍ 1998 മുതല്‍ താന്‍ എന്‍.ആര്‍.ഐ ആണെന്നായിരുന്നു മല്യ കോടതിയില്‍ വാദിച്ചത്. 1992 വരെ താന്‍ ലണ്ടനില്‍ താമസിച്ചിരുന്നതായും മല്യ പറഞ്ഞു. ഇത് കോടതി തള്ളി. 2016 മാര്‍ച്ചിനു മുന്‍പ് വ്യവസായിക, രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മല്യ ഇന്ത്യയിലും ഇംഗ്ലണ്ടിലും വന്നു പോകാറുണ്ടായിരുന്നുവെന്നതിനു തെളിവുണ്ട്.

യുണൈറ്റഡ് ബ്ര്യുവെറീസ് ഗ്രൂപ്പുമായും കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായും ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യാവസായിക താല്‍പര്യങ്ങള്‍. എന്നാലിപ്പോള്‍ മല്യ യുകെയില്‍ തന്നെ സ്ഥിരതാമസമാക്കിയിരിക്കുന്ന സാഹചര്യമാണുള്ളത്. നോണ്‍–റെസിഡന്റ് ടാക്‌സ്‌പേയര്‍ എന്ന നിലയിലാണിതെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ആസ്തികള്‍ മരവിപ്പിച്ചതിനെതിരെ വിജയ് മല്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇന്ത്യയിലെ 13 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനാണു മല്യ 6203 കോടി രൂപയിലേറെ നല്‍കാനുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണു കര്‍ണാടകയിലെ കടം തിരിച്ചടവു ട്രൈബ്യൂണല്‍ മല്യയുടെ ആസ്തികള്‍ മരവിപ്പിച്ചത്. ബ്രിട്ടനിലുള്ള വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും ഇവയില്‍ ഉള്‍പ്പെടും.

അതിനിടെ, വിദേശ നാണയ വിനിമയ ചട്ടലംഘനക്കേസില്‍ (ഫെറ) വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി വീണ്ടും നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച കോടതിയുടെ മുന്‍നിര്‍ദേശത്തില്‍ നടപടിയുണ്ടായില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദം പരിഗണിച്ചാണു പുതിയ ഉത്തരവ്.

ടിപ്പു സുല്‍ത്താന്റെ കൈവശമുണ്ടായിരുന്ന വാള്‍ കൈമാറരുതെന്ന കര്‍ണാടക കോടതിയുടെ ഉത്തരവ് മല്യ ലംഘിച്ച കാര്യവും കോടതി പരാമര്‍ശിച്ചു. 2004ലാണ് ഒരു സ്വകാര്യ ലേലത്തില്‍ മല്യ 1.5 കോടിക്ക് വാള്‍ വാങ്ങിയത്. എന്നാല്‍ ഈ വാള്‍ ‘ഭാഗ്യക്കേട്’ കൊണ്ടുവരുമെന്ന് കുടുംബം പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം വാള്‍ കൈമാറുകയായിരുന്നു.

ബംഗളൂരുവിലെ ഒരു പ്രശസ്ത മ്യൂസിയത്തിന് മല്യ വാള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചതോടെ വാള്‍ മല്യ പിന്നെ എന്ത് ചെയ്‌തെന്നും ആര്‍ക്കും വ്യക്തതയില്ല. വാള്‍ എന്തു ചെയ്തു എന്നതിനെ കുറിച്ച് മല്യ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. കോടതിയുടെ ഉത്തരവ് ലംഘിച്ചിട്ടില്ലെന്ന നിലപാടിന് ഉപോല്‍ബലകമായ വാദങ്ങള്‍ ഒന്നും തന്നെ മല്യയ്ക്ക് ഉന്നയിക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.