പതിനെട്ടടവും പയറ്റി പാര്‍ട്ടികള്‍; കര്‍ണാടകയില്‍ ഇന്ന് കലാശക്കൊട്ട്; വോട്ടെടുപ്പ് ശനിയാഴ്ച

single-img
10 May 2018

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് വോട്ടെടുപ്പ്. കര്‍ണാടക ജയിക്കുകയെന്നത് ബിജെപിക്കും കോണ്‍ഗ്രസിനും അഭിമാനപ്രശ്‌നമാണ്. അധികാരം നിലനിര്‍ത്താനായാല്‍ കോണ്‍ഗ്രസിനു ചരിത്രനേട്ടമാകും.

ജാതീയത, പ്രദേശികവാദം, വര്‍ഗീയധ്രുവീകരണം, അഴിമതി എന്നിവയെല്ലാം പ്രചാരണത്തില്‍ വിഷയങ്ങളായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി 15ല്‍നിന്ന് 21 ലേക്ക് വര്‍ധിപ്പിച്ച ബിജെപി പ്രചരണത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന മന്ദത മറികടന്നു. കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.

വ്യക്തികേന്ദ്രീകൃത വിമര്‍ശനത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 30 ദിവസം സംസ്ഥാനത്ത് പ്രചാരണത്തിനായി ചെലവിട്ടു. രണ്ടുവര്‍ഷത്തിനുശേഷം സോണിയാഗാന്ധിയും കര്‍ണാടകത്തിലെത്തി പ്രചാരണറാലിയില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ള നേതാക്കളും സംസ്ഥാനത്തെത്തി. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ ബി.ജെ.പി.യും തീവ്രശ്രമം നടത്തുന്നതാണ് പ്രചാരണത്തില്‍ കണ്ടത്.

ഇക്കൊല്ലം അവസാനം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും അടുത്തവര്‍ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നത് കൂടിയാകും കര്‍ണാടകഫലം. കോണ്‍ഗ്രസ് ജയിച്ചാല്‍, സിദ്ധരാമയ്യയുടെ ഭരണത്തിനുള്ള അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായ തിരിച്ചടിയായും വിലയിരുത്തപ്പെടും.

ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതല്‍ കക്ഷികളെ കൂടെകൂട്ടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്കും വിജയം കരുത്തുപകരും. ബി.ജെ.പി. ജയിച്ചാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള അംഗീകാരമാകും. ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കര്‍ണാടകയിലെ ഫലം ഈ തീരുമാനത്തില്‍ മാറ്റംവരുത്തുമോയെന്നും കണ്ടറിയണം.