ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചു; ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു

single-img
9 May 2018

ലഖ്‌നൗ: ഫോണ്‍ നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചതിന് ദളിത് പെണ്‍കുട്ടിയെ അയല്‍ക്കാരന്‍ മണ്ണെണ്ണയൊഴിച്ച് കത്തിച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുള്ള ഫരീഹ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് ഷായ് എന്നയാളാണ് അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചത്.

ഇയാള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മൊബൈല്‍ നമ്പര്‍ നല്‍കാന്‍ പെണ്‍കുട്ടി തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അക്രമി ആദ്യം മര്‍ദ്ദിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയും ചെയ്തു.

പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തീ കെടുത്തുകയും സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച അക്രമിയെ പിടികൂടുകയും ചെയ്തു. പെണ്‍കുട്ടിയെ ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുകയും അവിടെനിന്ന് വാരണാസി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അക്രമിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എസ്.സി/എസ്.ടി നിയമം, പോക്‌സോ എന്നിവ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.