കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; കോടതി ഉണ്ടെങ്കിലേ അഭിഭാഷകര്‍ നിലനില്‍ക്കൂവെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് സുപ്രീംകോടതി

single-img
9 May 2018

കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ലില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കണ്ണൂര്‍ കരുണ ബില്‍ പരിഗണിക്കാന്‍ ഗവര്‍ണ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ ആകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.

സംസ്ഥാന സര്‍ക്കാരിന്റെ നടപടി കടുത്ത കോടതിയലക്ഷ്യമാണെന്നും കോടതി പറഞ്ഞു. കേസിലെ വാദത്തിനിടെ അഭിഭാഷകര്‍ക്കെതിരെയും കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായി. ടിവി ചര്‍ച്ചകളില്‍ ചില അഭിഭാഷകര്‍ കോടതിയെ അധിക്ഷേപിക്കുന്നുവെന്ന് കോടതി വിമര്‍ശിച്ചു.

ഒരുകാലത്തുമില്ലാത്ത വിധം അഭിഭാഷകര്‍ കോടതിയെ നശിപ്പിക്കുകയാണെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ഒരു അമ്പുകൊണ്ട് എല്ലാവരെയും കൊല്ലാനാണ് ശ്രമം. കോടതി ഉണ്ടെങ്കിലേ അഭിഭാഷകര്‍ നിലനില്‍ക്കൂവെന്ന് എല്ലാവരും ഓര്‍ക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

അതേസമയം, കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ആവശ്യവും തള്ളിയ കോടതി ജൂലൈ മൂന്നാം വാരം ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. രണ്ട് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം റദ്ദാക്കിയ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

രണ്ടു മെഡിക്കല്‍ കോളജുകളിലുമായി 2016-17ല്‍ ക്രമവിരുദ്ധമായി എംബിബിഎസിനു പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കഴിഞ്ഞ മാസം അഞ്ചിനു സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

അതിനാല്‍, ഓര്‍ഡിനന്‍സിനു പകരമായി നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ തയാറായില്ല. വിദ്യാര്‍ഥികളുടെ നിവേദനവും രാഷ്ട്രീയ നേതാക്കളിലൂടെ ലഭിച്ച നിവേദനങ്ങളും കണക്കിലെടുത്താണു കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ് ഇറക്കിയതെന്നു സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.