‘റമളാനില്‍ യാചനയ്‌ക്കെത്തുന്ന ഉത്തരേന്ത്യക്കാരെ സൂക്ഷിക്കണം’: കേരള പൊലീസിന്റെ പേരില്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

single-img
9 May 2018

കേരള പൊലീസിന്റെ പേരില്‍ വീണ്ടും വ്യാജ സന്ദേശം. റമളാന്‍ മാസത്തില്‍ കേരളത്തിലേക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യാചകരെത്തുമെന്നും ഇവരെ സൂക്ഷിക്കണമെന്നുമാണ് വാട്‌സാപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പറയുന്നത്.

പൊലീസിന്റെ ഔദ്യോഗിക ലെറ്റര്‍പാഡെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പേരിലാണ് അറിയിപ്പ് പ്രചരിക്കുന്നത്. ഒപ്പും സീലുമെല്ലാമടക്കമുള്ള ലെറ്ററില്‍ പക്ഷെ ഇഷ്യൂ ഡേറ്റ് രേഖപ്പെടുത്തിയിരിക്കുന്നത് 16/08/2018 ആണ്.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെ ഒരു ലെറ്റര്‍ വ്യാജമാണെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചു. സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാജ പ്രചരണങ്ങള്‍ക്കെതിരെ പൊലീസും സൈബര്‍ സെല്ലും നടപടികള്‍ ശക്തമാക്കിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് പോലീസിന്റെ പേരില്‍ തന്നെ വ്യാജ പ്രചരണം.

കഴിഞ്ഞ ഒരാഴ്ചക്കിടെ കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയത് ഒരു ലക്ഷം അന്യസംസ്ഥാനക്കാരാണെന്നും റമളാന്‍ മാസത്തില്‍ യാചന നടത്താനും നോമ്പെടുത്ത് ക്ഷീണിച്ചവരെ കീഴ്‌പ്പെടുത്തി കവര്‍ച്ച നടത്താനുമാണ് ഇവരെത്തിയതെന്നും പറയുന്ന അറിയിപ്പ് ഇവര്‍ കൊടും ക്രിമിനലുകളാണെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പു നല്‍കുന്നു.