ഇരുട്ടി വെളുത്തപ്പോള്‍ ഡല്‍ഹിയിലെ ചരിത്രപ്രധാനമായ അക്ബര്‍ റോഡ് മഹാറാണ പ്രതാപ് റോഡായി മാറി

single-img
9 May 2018

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കന്‍മാരുടെ വീടും കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനവും സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാനമായ അക്ബര്‍ റോഡിന്റെ പേര് മാറ്റാന്‍ നീക്കം. കാലങ്ങളായി മുഗള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ പേരിലാണ് ഈ റോഡ് അറിയപ്പെടുന്നത്.

എന്നാല്‍ ഇതിനെ മഹാറാണ പ്രതാപ് റോഡ് എന്നാക്കി മാറ്റാനാണ് ചിലര്‍ ശ്രമം നടത്തിയത്. ഇവര്‍ ഡല്‍ഹി കോര്‍പറേഷന്റെ പച്ചയും വെള്ളയും നിറമുള്ള ബോര്‍ഡിന് മുകളില്‍ മഞ്ഞയും കാവിയും നിറത്തില്‍ മഹാറാണാ പ്രതാപ് റോഡ് എന്ന പോസ്റ്റര്‍ പതിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെടുത്തിയതോടെ പൊലീസെത്തി പോസ്റ്റര്‍ നീക്കം ചെയ്തു. രാജസ്ഥാനിലെ പേരുകേട്ട രാജാവായ മഹാറാണാ പ്രതാപിന്റെ ജന്മദിവസമാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. 1576ല്‍ ഇദ്ദേഹം അക്ബറിനെതിരെ യുദ്ധം നയിച്ചിരുന്നു.

2016ല്‍ അക്ബര്‍ റോഡിന്റെ പേര് മഹാറാണാ പ്രതാപ് റോഡ് എന്നാക്കി മാറ്റണമെന്ന് ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനോട് താന്‍ ആവശ്യപ്പെട്ടതായി ബി.ജെ.പി നേതാവ് അവകാശപ്പെട്ടു. കേന്ദ്ര മന്ത്രിയായ വി.കെ. സിങ്ങും ഒരിക്കല്‍ ഈ റോഡിന്റെ പേര് മാറ്റണമെന്ന് അന്നത്തെ നഗരവികസ മന്ത്രിയായിരുന്ന വെങ്കയ്യനായിഡുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങളിലല്ല, വികസന പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നത് എന്നായിരുന്നു അന്ന് അദ്ദേഹം നല്‍കിയ മറുപടി.