70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ കൊണ്ടുവരാന്‍ കഴിയാത്ത മാറ്റമാണ് നാല് വര്‍ഷത്തെ മോദി ഭരണത്തിലൂടെ കഴിഞ്ഞത്: വീരവാദങ്ങളുമായി അമിത് ഷാ

single-img
8 May 2018

70 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ കൊണ്ടുവരാന്‍ കഴിയാത്ത മാറ്റമാണ് നാല് വര്‍ഷത്തെ മോദി ഭരണത്തിലൂടെ കഴിഞ്ഞിരിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് തകര്‍ന്നിരിക്കുന്നു. മൂന്ന് സംസ്ഥാനത്ത് മാത്രമായി കോണ്‍ഗ്രസ് ചുരുങ്ങി.

മെയ് 15ന് കര്‍ണാടക ഫലം കൂടി വരുമ്പോള്‍ രണ്ട് സംസ്ഥാനത്ത് മാത്രമായി അവര്‍ ചുരുങ്ങുമെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം നേടും. കര്‍ണാടകത്തിന്റെ കാര്യത്തില്‍ ബിജെപിക്ക് ഏറെ പ്രത്യേകതയുണ്ട്.

ദക്ഷിണേന്ത്യയിലേക്കുള്ള പാര്‍ട്ടിയുടെ പ്രവേശന കവാടമായിട്ടാണ് തിരഞ്ഞെടുപ്പിനെ പാര്‍ട്ടി കാണുന്നത്. ഏകദേശം 45 മണ്ഡലങ്ങളില്‍ മാത്രമാണ് ഇവിടെ ത്രികോണ മത്സരം നടക്കുന്നത്. ബാക്കി 175 സീറ്റുകളിലും നേരിട്ടുള്ള പോരാട്ടമാണെന്നും അമിത് ഷാ വ്യക്തമാക്കി.

മധ്യപ്രദേശിലും ചത്തീസ്ഗഢിലും ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2013 ലേക്കാള്‍ മികച്ച ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ട് നേടുകയാണ് ലക്ഷ്യം.

ഈ ലക്ഷ്യം കൈവരിക്കാമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. 50 ശതമാനം വോട്ട് നേടുന്നതോടെ പ്രതിപക്ഷ ഐക്യത്തിന് പിന്നെ പ്രസക്തി ഉണ്ടാകില്ല. കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണെന്ന് ഇപ്പോഴും അംഗീകരിക്കുന്നു. 250 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസുമായി നേരിട്ടാണ് ബിജെപിയുടെ മത്സരം.

ശിവസേനയുമായുള്ള സഖ്യം ഇപ്പോഴുമുണ്ട്. ഭാവിയിലെ തിരഞ്ഞെടുപ്പുകളിലും ഒന്നിച്ച് തന്നെ മത്സരിക്കും.
ബിഹാറില്‍ ജെഡിയുമായി ശക്തമായ സഖ്യമാണ്. ചന്ദ്രബാബു നായിഡു പിരിഞ്ഞതോടെ ടിഡിപിയുമായുള്ള സഖ്യം അവസാനിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ആന്ധ്രയിലായിരിക്കും പാര്‍ട്ടിയുടെ പ്രധാന ശ്രദ്ധയെന്നും അമിത് ഷാ വ്യക്തമാക്കി.