ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ തനിക്ക് എന്തുകൊണ്ടു പ്രധാനമന്ത്രി ആയിക്കൂടായെന്ന് രാഹുല്‍: ‘ബി.ജെ.പിയെ നയിക്കുന്നത് കൊലക്കേസ് പ്രതി’

single-img
8 May 2018

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസില്‍ ആരോപണവിധേയനായ അമിത് ഷായാണ് ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ നയിക്കുന്നത്.

ബി.ജെ.പി സത്യസന്ധതയും ഔചിത്യവുമെല്ലാം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിയെ നയിക്കുന്നത് കൊലകേസില്‍ കുറ്റാരോപിതനായ അമിത് ഷാ ആണ്. ജസ്റ്റിസ് ലോയ കേസില്‍ സുപ്രീംകോടതി പരാമര്‍ശിച്ച അമിത് ഷായുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.

അമിത് ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തിലൂടെ എന്താണ് ചെയ്തതെന്നും നോക്കൂ. കൊലപാതക കേസില്‍ ആരോപണ വിധേയനാണെന്നതും മറക്കരുതെന്നും രാഹുല്‍ ആഞ്ഞടിച്ചു. കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശം ചെയ്തിരിക്കുന്നത് അഴിമതിക്ക് ജയിലില്‍ കഴിഞ്ഞ ബി.എസ് യെദ്യൂരപ്പയെ ആണ്. തട്ടിപ്പുകാരായ എട്ടു റെഢ്ഡി സഹോദരന്‍മാര്‍ക്കാണ് ബി.ജെ.പി ടിക്കറ്റ് നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു.

അതിനിടെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രമുഖരുമായി സംവദിക്കുന്നതിനിടെ, 2019ല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ തനിക്ക് എന്തുകൊണ്ട് പ്രധാനമന്ത്രി ആയിക്കൂടാ എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ‘2019ല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നു വ്യക്തമാണ്.

നിങ്ങള്‍ ചിലപ്പോള്‍ ചിരിച്ചേക്കാം, എന്നാല്‍ ഞാന്‍ പറയും ബിജെപി 2019ല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്, മോദി അധികാരത്തില്‍ വരാനും. ഇന്നത്തെ പ്രതിപക്ഷ ഐക്യമാണ് അതിനു കാരണം’- രാഹുല്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി, ചെങ്കോട്ടയില്‍ അടുത്ത കൊല്ലം ത്രിവര്‍ണപതാക പാറിക്കുന്നത് ഇദ്ദേഹമായിരിക്കുമെന്നു പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു പറഞ്ഞിരുന്നു.

നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ കയറില്ലെന്നു പറയാതെ പറയുകയായിരുന്നു സിദ്ധു അപ്പോള്‍. രാജ്യത്തിനു മൂന്നു പ്രധാനമന്ത്രിമാരെ നല്‍കിയ കോണ്‍ഗ്രസ് അടുത്ത പ്രധാനമന്ത്രിയെ ഒരുക്കുകയാണെന്നും ആ പ്രസ്താവന വ്യാഖ്യാനിക്കപ്പെട്ടു.

ഇതു രണ്ടാം തവണയാണു ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ തയാറാണെന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കലിഫോര്‍ണിയയിലെ ബെര്‍ക്‌ലി സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോടു സംവദിക്കവേ പ്രധാനമന്ത്രിയാകാന്‍ താന്‍ തയാറാണെന്നു രാഹുല്‍ വ്യക്തമാക്കിയിരുന്നു.