‘പാടത്തെ പണിക്ക് വരമ്പത്ത് തന്നെ കൂലി കൊടുത്തു’: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും അശാന്തിയുടെ ദുര്‍ഭൂതം കൂടുവിട്ടിറങ്ങി

single-img
8 May 2018

ഷുഹൈബ് വധത്തിന്റെ ആഘാതം മാറുംമുന്‍പ് മുക്കാല്‍ മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. സംഘര്‍ഷമൊഴിഞ്ഞ് നിന്ന ചെറിയൊരു ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വീണ്ടും അശാന്തിയുടെ ദുര്‍ഭൂതം കൂടുവിട്ടിറങ്ങിയിരിക്കുകയാണ്.

ഏറെ നാളായി സംഘര്‍ഷങ്ങളൊഴിഞ്ഞ് നിന്ന പ്രദേശത്തുണ്ടായ അപ്രതീക്ഷിത സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. രാത്രി ഒന്‍പതേകാലിനാണ് സിപിഎം നേതാവായ ബാബു കണ്ണിപ്പൊയിലിന് വെട്ടേല്‍ക്കുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോകുംവഴി പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം.

ഉടന്‍തന്നെ തലശേരിയിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കും കഴുത്തിനും വയറിനുമാണ് വെട്ടേറ്റത്. കൊലപാതക വിവരം പുറത്ത് വന്ന് മുക്കാല്‍ മണിക്കൂറിന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷമേജിന് വെട്ടേറ്റു. പളളൂരിന് മൂന്ന് കിലോമീറ്റര്‍ അകലെ ന്യൂ മാഹി കല്ലായി റോഡില്‍ വെച്ചായായിരുന്നു ആക്രമണം.

വീട്ടിലേക്ക് ഓട്ടോറിക്ഷ ഓടിച്ച് പോകുംവഴി ഒരു സംഘം തടഞ്ഞുവെച്ച് വെട്ടുകയായിരുന്നു. കോഴിക്കോട് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകമായിട്ടാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാര്‍ട്ടി നേതാക്കന്മാരുടെ വാക്കുകളേറ്റെടുത്തെന്ന് തോന്നിപ്പിക്കും വിധം പാടത്തെ പണിക്ക് വരമ്പത്ത് തന്നെ കൂലി കൊടുത്തു.

ഇതോടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഈ വര്‍ഷം മാത്രം കണ്ണൂരില്‍ മരിച്ചവരുടെ എണ്ണം നാലായി. ജനുവരി പത്തൊന്‍പതിന് കണ്ണവത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്യാമപ്രസാദാണ് ആദ്യം കൊല്ലപ്പെട്ടത്. ഒരു മാസം തികയും മുന്‍പെ ഫെബ്രുവരി 12ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബും കൊല്ലപ്പെട്ടു. ഷുഹൈബിന്റെ നിഷ്ഠൂരമായ കൊല മുന്‍പൊന്നും ഇല്ലാത്തവിധമുള്ള ചര്‍ച്ചകള്‍ സംസ്ഥാനത്ത് ഉയര്‍ത്തി.

സമാധാനയോഗങ്ങളില്‍ വരെ ഏറ്റുമുട്ടലുകള്‍ തുടര്‍ന്നു. ഇപ്പോഴും കേസില്‍ സിബിഐ അന്വേഷണ കാര്യത്തിലടക്കം ആശയക്കുഴപ്പങ്ങളും വ്യവഹാരങ്ങളും തുടരുകയുമാണ്. ഷുഹൈബ് വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിച്ചെങ്കിലും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും സി.പി.എമ്മിന് ഒളിച്ചോടാന്‍ കഴിയില്ലെന്ന് പിന്നീട് നടന്ന സംഭവങ്ങള്‍ തെളിയിച്ചു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1980 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ ഏതാണ്ട് 180ഓളം സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 1969 ഏപ്രില്‍ 28ന് ജനസംഘം പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതാണ് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ തുടക്കം.

എന്നാല്‍ 1971ലെ തലശേരി കലാപമാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് വഴിമരുന്നിട്ടതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വര്‍ഗീയ കലാപമായി ഇതിനെ വിലയിരുത്തുന്നവരുണ്ടെങ്കിലും സി.പി.എം ആര്‍.എസ്.എസ് സംഘര്‍ഷത്തിന് തുടക്കമായത് ഈ സംഭവങ്ങളാണ്. കലാപത്തിനിടെ കൊല്ലപ്പെട്ട യു.കെ.കുഞ്ഞിരാമനെയാണ് സി.പി.എം തങ്ങളുടെ ആദ്യ രക്തസാക്ഷിയായി പരിഗണിക്കുന്നത്.

കെ.സുധാകരന്‍ എന്ന നേതാവിന്റെ വളര്‍ച്ചയോടെ സി.പി.എമ്മിന്റെ ശത്രുസ്ഥാനത്ത് കുറച്ച് കാലം കോണ്‍ഗ്രസ് രംഗപ്രവേശനം ചെയ്‌തെങ്കിലും തൊണ്ണൂറുകളില്‍ ആര്‍.എസ്.എസ് ഈ ‘സ്ഥാനം’ ഏറ്റെടുത്തു. ഈ കാലയളവിലാണ് നേതാക്കന്മാരുടെ കഴുത്തുകള്‍ക്ക് നേരെയും കൊലക്കത്തികള്‍ നീണ്ടത്. നിലവിലെ സി.പി.എം ജില്ലാ സെക്രട്ടറിയായ പി.ജയരാജന് നേരെ ആക്രമണമുണ്ടായത് ഈ കാലയളവിലാണ്.

ആര്‍.എസ്.എസ് നേതാവായ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ സ്‌കൂളില്‍ കയറി കൊലപ്പെടുത്തിയ സംഭവവും ഇതിനിടയില്‍ നടന്നു. പിന്നീട് നിരവധി കൊലപാതകങ്ങള്‍ കണ്ണൂരിനെ പിടിച്ച് കുലുക്കി. ആര്‍.എം.പി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ക്ക് ചെറിയ ഒരു അയവ് വന്നെങ്കിലും 2014ല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കതിരൂര്‍ മനോജ് കൊല്ലപ്പെട്ടതോടെ കണ്ണൂര്‍ വീണ്ടും കൊലക്കളമായി. കാലം മാറിയെങ്കിലും ഇന്നും കണ്ണൂരിലും പരിസര പ്രദേശങ്ങളിലും രാഷ്ട്രീയ അക്രമങ്ങള്‍ പതിവ് സംഭവങ്ങള്‍ മാത്രമാണ്. നാളെയെങ്കിലും സമാധാനം പുലരുമെന്ന പ്രതീക്ഷയിലാണ് കണ്ണൂരിലെ മണ്ണ് എന്നും ഉറങ്ങുന്നത്.