‘മോദിയും കൂട്ടരും ഇത്രയ്ക്ക് ചീപ്പാണോ’: അന്താരാഷ്ട്രതലത്തില്‍ തന്നെ നാണംകെട്ട് ബിജെപി

single-img
8 May 2018

 

 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന ബി.ബി.സി സര്‍വ്വേ റിപ്പോര്‍ട്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ ബി.ബി.സി തന്നെ രംഗത്തെത്തി. ‘ബി.ബി.സി ന്യൂസില്‍ നിന്നുള്ളതെന്ന തരത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ സര്‍വ്വേ വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്നുണ്ട്. അത് വ്യാജമാണെന്നും ബി.ബി.സിയില്‍ നിന്നും വന്നതല്ലെന്നും ഞങ്ങള്‍ വ്യക്തമാക്കുകയാണ്. ഇന്ത്യയില്‍ ഇലക്ഷന് മുന്നോടിയായി ബി.ബി.സി സര്‍വ്വേ നടത്താറില്ല.’

വ്യാജപ്രചരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ടാണ് ബി.ബി.സി സംഘം ഈ വാര്‍ത്ത നിഷേധിച്ചിരിക്കുന്നത്. ഇതോടെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി നാണക്കേടിലായി. കര്‍ണാടകയില്‍ 135 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് ബിബിസി നടത്തിയ സര്‍വ്വേ ഫലം എന്നതായിരുന്നു ബിബിസിയുടെ പേരില്‍ വ്യാജ വാര്‍ത്തയുണ്ടാക്കി ബിജെപി പ്രചരിപ്പിച്ചിരുന്നത്.

ബി.ജെ.പി പണ്ടുമുതലേ തുടരുന്ന തന്ത്രമാണിതെന്ന് റിപ്പോര്‍ട്ടിനോടു പ്രതികരിച്ചുകൊണ്ട് കര്‍ണാടക ഐ.ടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. നേരത്തെ ഒരു വ്യാജ വെബ്‌സൈറ്റ് നിര്‍മ്മിച്ച് അതുവഴിയും ഇത്തരം വ്യാജ സര്‍വ്വേകള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബംഗ്ലൂര്‍ ഹെറാള്‍ഡ്.കോം എന്ന പേരിലുള്ള വെബ്‌സൈറ്റാണ് ‘സിഫോഴ്‌സ്’ നടത്തിയതെന്ന് പറഞ്ഞ് വ്യാജസര്‍വ്വേ ഫലം റിപ്പോര്‍ട്ടു ചെയ്തത്.

എന്നാല്‍ കര്‍ണാടക കോണ്‍ഗ്രസ് പിടിയ്ക്കുമെന്ന് കഴിഞ്ഞ മാസം ബിജെപി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. തങ്ങളുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട സംസ്ഥാനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന്റെ ഭാഗമായാണ് ബിജെപി സര്‍വേ നടത്തിയത്.

224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം കൂടി വന്നതോടെ കൂടുതല്‍ പ്രതിരോധത്തിലായി എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതോടെയാണ് ബിജെപിക്കാര്‍ പുതിയ കുതന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങിയത്.