വരാപ്പുഴ സംഘര്‍ഷം: യഥാര്‍ഥ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കോടതിയില്‍ കീഴടങ്ങി; ശ്രീജിത്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

single-img
5 May 2018

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥനെ വീട് കയറി ആക്രമിക്കുന്നതിലേക്ക് നയിച്ച സംഘര്‍ഷത്തിന് കാരണക്കാരായ പ്രതികള്‍ പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയില്‍ കീഴടങ്ങി. മൂന്ന് പേരാണ് കോടതിയിലെത്തി കീഴടങ്ങിയത്. ഇവരെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു.

അജിത്, വിപിന്‍,തുളസീദാസ് എന്ന് വിളിക്കുന്ന ശ്രീജിത്ത് എന്നിവരാണ് കോടതിയിലെത്തി കീഴടങ്ങിയത്. വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഇവരാണ്. ഇവര്‍ വീടാക്രമിച്ചതിന് പിന്നാലെയാണ് ഗൃഹനാഥന്‍ വാസുദേവന്‍ ജീവനൊടുക്കിയത്.

ഇതില്‍ തുളസീദാസ് എന്ന ശ്രീജിത്താണെന്ന് തെറ്റിദ്ധരിച്ചാണ് മരിച്ച ശ്രീജിത്തിനെ പൊലീസുകാര്‍ കസ്റ്റഡിയിലെടുക്കുന്നത്. അതേസമയം, വാസുദേവന്റെ വീട്ടില്‍ അക്രമം നടത്തിയ സംഘത്തില്‍ മരിച്ച ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പ്രതികള്‍ വെളിപ്പെടുത്തി.

ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസുണ്ടാക്കിയ വ്യാജരേഖ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസ് ഫയലില്‍ നിന്ന് കാണാതായ രേഖയുടെ പകര്‍പ്പ് എസ്പി. എ വി ജോര്‍ജാണ് അന്വേഷണസംഘത്തിന് കൈമാറിയത്.

രേഖയുടെ ഉറവിടത്തെക്കുറിച്ച് അറിയില്ലെന്നും പകര്‍പ്പാണ് തനിക്ക് ലഭിച്ചതെന്നും എസ്പി മൊഴി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോര്‍ജ് ചെറിയാനാണ് എസ്പിയെ നേരില്‍കണ്ട് രേഖകള്‍ കൈപ്പറ്റിയത്.