കേരളം നിങ്ങളുടെ തറവാട്ട് സ്വത്തൊന്നുമല്ലല്ലോ?: ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകനെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍ ‘പുലിവാലുപിടിച്ചു’

single-img
5 May 2018

EDITORS HOUR

വിവേചനം ആരുടെ അജണ്ട? | EDITORS HOUR

Posted by Reporter Live on Friday, May 4, 2018

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഫഹദ് ഫാസിലിനും സംവിധായകന്‍ അനീസിനുമെതിരെ നടക്കുന്ന സംഘപരിവാറിന്റെ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട വിഷയമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റേഴ്‌സ് അവറില്‍ ചര്‍ച്ചയ്‌ക്കെടുത്തത്.

‘വിവേചനം ആരുടെ അജണ്ട’ എന്നതായിരുന്നു വിഷയം. വി.സി അഭിലാഷും, ഭാഗ്യലക്ഷ്മിയും, ബി.ഗോപാലകൃഷ്ണനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയില്‍ വാദപ്രതിപാദങ്ങള്‍ മുഴങ്ങിയിരിക്കെ അവതാരകന്‍ അഭിലാഷിന്റെ ചോദ്യമാണ് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനെ ചൊടിപ്പിച്ചത്.

എന്തിനാണ് അവാര്‍ഡ് ബഹിഷ്‌ക്കരണത്തെ കുറിച്ച് ഇത്ര അസഹിഷ്ണുത കാണിക്കുന്നത്, ഭാഗ്യലക്ഷ്മി ശബ്ദം കൊടുക്കുന്ന സിനിമ കാണില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല വി.സി അഭിലാഷിന്റെ സിനിമ കാണില്ലെന്ന് നിങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല നിങ്ങള്‍ ഫഹദ് ഫാസിലിന്റെ സിനിമ ഇനി കാണില്ല എന്ന് മാത്രമാണ് പറഞ്ഞത്. അപ്പോള്‍ സങ്കുചിത മനസ് ആര്‍ക്കാണെന്ന് ഇത് മനസ്സിലാകുമല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഇതിനോട് പ്രതികരിച്ചു കൊണ്ട് ‘നിങ്ങള്‍ ഒരു മാന്യനായത് കൊണ്ടാണ് ഞാന്‍ മാന്യമായ ഭാഷയില്‍ മറുപടി പറഞ്ഞത് നിങ്ങളുടെ ഈ ചോദ്യത്തിന് ഞാന്‍ അമാന്യമായ ഭാഷയില്‍ മറുപടി പറയും എന്നും അത് എന്നെ കൊണ്ട് പറയിപ്പിക്കരുത് അത് പറയുന്നയാളാണ് ഞാന്‍’ എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ അങ്ങനെയുള്ള ഭീഷണിയൊന്നും വേണ്ടാ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം മതിയെന്ന് അവതാരകന്‍ തിരിച്ചടിച്ചു. അപ്പോള്‍ ഭീഷണി തന്നെയാണെന്നും അങ്ങനെ കൂട്ടിക്കോളുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍, അങ്ങനെ ഭീഷണിപ്പെടുത്തിയാല്‍ ഭയപ്പെടുന്നവരല്ല ഇത് കേരളമാണെന്ന് ഗോപാലകൃഷ്ണന്‍ അറിയാത്തതല്ലല്ലോ, ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ രോമത്തില്‍ പോലും ഒരു അപകടവും സംഭവിക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന സംസ്ഥാനമാണിതെന്ന് അവതാരകന്‍ പറഞ്ഞു.

തുടര്‍ന്ന് കേരളം നിങ്ങളുടെ തറവാട്ട് സ്വത്തൊന്നുമല്ലല്ലോ എന്ന ഗോപാലകൃഷണന്റെ മറുപടിക്കും അവതാരകന്‍ കണക്കിന് വിമര്‍ശിച്ചു. അങ്ങനെ ബി.ജെ.പിക്കാരുടെ ഭീഷണികേട്ട് ആലില പോലെ വിറച്ച് പോകുന്നവരല്ല ഞങ്ങള്‍ അങ്ങനെ ഒരു ധാരണ ശ്രീ ഗോപാലകൃഷ്ണന് വേണ്ട, അങ്ങനെ എന്തോ ചെയ്തു കളയും എന്ന് പറയുമ്പോള്‍ പേടിച്ചു വിറച്ചു പോകുന്നവരാണ് ഈ നാട്ടുകാരെന്ന് ധരിച്ചുവെക്കരുത് എന്നും അവതാരകന്‍ അഭിലാഷ് പറഞ്ഞു.