മോദിജീ താങ്കള്‍ക്ക് സ്വന്തമായി ഒരു നിലപാടില്ലേ?; നേരത്തെ ജെഡിഎസിനെ വാനോളം പുകഴ്ത്തിയ മോദി, ഇപ്പോള്‍ പറയുന്നു കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ രഹസ്യ ധാരണയെന്ന്

single-img
5 May 2018

കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ രഹസ്യ ധാരണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജെഡിഎസിനെയും ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെയും വാനോളം പുകഴ്ത്തിയ മോദി, തൊട്ടുപിന്നാലെ ഇവര്‍ക്കെതിരെ കടന്നാക്രമണം നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകമായി.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ ആരെങ്കിലും സംരക്ഷിക്കുന്നുണ്ടെങ്കില്‍ അതു ജെഡിഎസാണ്. കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ രഹസ്യ രാഷ്ട്രീയ നീക്കുപോക്കുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് തയാറാകണം. എന്തിനാണ് ഇക്കാര്യം ജനത്തില്‍ നിന്നു മറച്ചുവയ്ക്കുന്നത്-മോദി ചോദിച്ചു.

കഴിഞ്ഞ വര്‍ഷം നടന്ന ബെംഗളൂരു മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യമുണ്ടാക്കിയ കാര്യവും മോദി ഓര്‍മിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമസഭാ തിരഞ്ഞെടുപ്പിലുള്ള സഖ്യമെന്നും തുമക്കൂരുവില്‍ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് സര്‍വേകളും രാഷ്ട്രീയ വിദഗ്ധരുമെല്ലാം പറയുന്നത് കര്‍ണാടകയില്‍ ജെഡിഎസിനു കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാകില്ലെന്നാണ്. അവര്‍ക്കു സര്‍ക്കാര്‍ രൂപീകരിക്കാനുമാകില്ല. കര്‍ണാടകയില്‍ ഭരണമാറ്റം കൊണ്ടുവരാന്‍ സാധിക്കുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണെന്നും മോദി അവകാശപ്പെട്ടു.