എല്ലാത്തിനും കാരണക്കാരി സ്മൃതി ഇറാനി?: ചലച്ചിത്ര പുരസ്‌കാര വിവാദത്തില്‍ മന്ത്രി പ്രതിക്കൂട്ടില്‍

single-img
5 May 2018

ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ വിവാദത്തില്‍ മന്ത്രി സ്മൃതി ഇറാനിയും വാര്‍ത്താവിതരണ മന്ത്രാലയവും പ്രതിക്കൂട്ടില്‍. വിവാദത്തില്‍ രാഷ്ട്രപതി അതൃപ്തി രേഖപ്പെടുത്തിയതോടെ ഇനി മന്ത്രാലയം മറുപടി പറയേണ്ടിവരും. ഇത്രയും രോഷവും പ്രതിഷേധവും ചര്‍ച്ചകളും കൊടുമ്പിരി കൊണ്ടിട്ടും സ്മൃതി ഇറാനി ഇനിയും പ്രതികരിക്കാന്‍ തയാറായിട്ടില്ല.

വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. വളരെ നേരത്തേ വിവരമറിയിച്ചിട്ടും അവസാനനിമിഷത്തെ മാറ്റമായി ചിത്രീകരിക്കപ്പെട്ടത് മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നാണ് രാഷ്ട്രപതിഭവന്റെ നിലപാട്.

ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതിഭവന്‍ നേരത്തെതന്നെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. മാര്‍ച്ചില്‍ത്തന്നെ ചടങ്ങിനായുള്ള ചര്‍ച്ചകളും തയാറെടുപ്പുകളും പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍, പുരസ്‌കാരങ്ങളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയത് മേയ് ഒന്നിനു മാത്രമാണ്. രാഷ്ട്രപതി 11 പേര്‍ക്കു മാത്രമേ പുരസ്‌കാരം സമ്മാനിക്കൂ എന്ന് ജേതാക്കളെ അറിയിച്ചതാകട്ടെ, പുരസ്‌കാര സമര്‍പ്പണത്തിന്റെ തലേന്നും. ഇതോടെയാണ് വിവാദങ്ങളില്‍ രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ അതൃപ്തി അറിയിച്ചത്.

രാഷ്ട്രപതി നല്‍കേണ്ട പുരസ്‌ക്കാരങ്ങളുടെ എണ്ണം, വിഭാഗം, സ്വീകരിക്കേണ്ടവര്‍ ആരെല്ലാം എന്നിവ തീരുമാനിച്ചത് വാര്‍ത്താ വിതരണ പ്രക്ഷേപണമന്ത്രാലായമാണ്. പുരസ്‌ക്കാരദാനച്ചടങ്ങിന് രണ്ട് ദിവസം മുന്‍പ്, മേയ് ഒന്നിന് മന്ത്രാലയം സെക്രട്ടറി എന്‍ കെ സിന്‍ഹ രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതിയുടെ സെക്രട്ടറി സഞ്ജയ് കോത്താരിയെ കണ്ട് വിതരണം ചെയ്യേണ്ട പതിനൊന്ന് പുരസ്‌ക്കാരങ്ങളുടെ പട്ടിക കൈമാറി.

പുരസ്‌ക്കാര വിതരണം വിഗ്യാന്‍ ഭവനില്‍ നിന്ന് രാഷ്ട്രപതിഭവനിലേക്ക് മാറ്റണമെന്ന താല്‍പര്യം മന്ത്രാലയം പങ്കുവെച്ചു. എന്നാല്‍ രാഷ്ട്രപതി ഭവനിലെ സ്ഥല പരിമിതിമൂലം ചടങ്ങ് വിഗ്യാന്‍ഭവനില്‍തന്നെ മതിയെന്ന് രാഷ്ട്രപതിയുടെ സെക്രട്ടറി അറിയിച്ചു. തുടര്‍ന്ന് ഇരുസെക്രട്ടറിമാരും രാഷ്ട്രപതിക്ക് നേരിട്ട് വിശദാംശങ്ങള്‍ കൈമാറി.

കാര്യങ്ങള്‍ നേരത്തെതന്നെ അറിയിച്ചിട്ടും പുരസ്‌ക്കാര ജേതാക്കള്‍ക്ക് അയച്ച ക്ഷണക്കത്തില്‍ രാഷ്ട്രപതി എല്ലാവര്‍ക്കും പുരസ്‌ക്കാരം നല്‍കുമെന്ന് അച്ചടിക്കുകയും അവസാനനിമിഷത്തെ മാറ്റമായി ചിത്രീകരിക്കുകയും ചെയ്തതിലാണ് രാഷ്ട്രപതിഭവന് അതൃപ്തി.

അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് പുതിയ പ്രോട്ടോക്കോള്‍ തയാറാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അടുത്തവര്‍ഷം മുതല്‍ പ്രധാന അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതി നല്‍കുന്ന രീതിയിലുള്ള മാറ്റമാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനിക്കാനാണു നീക്കം.

നേരത്തേ, രാജ്യം നല്‍കുന്ന പുരസ്‌കാരം രാഷ്ട്രപതി തന്നെ നല്‍കണം എന്ന നിലപാടില്‍ 68 പുരസ്‌കാര ജേതാക്കള്‍ ഉറച്ച് നിന്നതോടെയാണ് പുരസ്‌കാര സമര്‍പ്പണം വിവാദത്തില്‍ മുങ്ങിയത്. എല്ലാവര്‍ക്കും രാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യില്ല എന്ന അറിയിപ്പ് വന്നതോടെ പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ ഇവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു.

എന്നാല്‍ പുരസ്‌കാര ജേതാക്കള്‍ തമ്മിലുണ്ടാക്കിയ ധാരണയ്ക്ക് വിരുദ്ധമായി ഗായകന്‍ കെ.ജെ. യേശുദാസും സംവിധായകന്‍ ജയരാജും പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. ചതിയും വഞ്ചനയും എല്ലായിടത്തുമുണ്ടെന്നായിരുന്നു ഇതിനോടുള്ള പ്രതിഷേധക്കാരുടെ പ്രതികരണം. പുരസ്‌കാര ജേതാക്കള്‍ക്കായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒരുക്കിയ അത്താഴവിരുന്നും പ്രതിഷേധമുയര്‍ത്തിയ ജേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു.