അമ്മയുടെ ആ വാക്കുകള്‍ പില്‍ക്കാലത്ത് സത്യമായി: ഇന്ദ്രന്‍സ്

single-img
5 May 2018

അമ്പലപ്പുഴ: അമ്മയുടെ ശകാരത്തോടെയുള്ള വാക്കുകളാണ് തന്നെ ഹാസ്യനടനാക്കിയതെന്ന് ഇന്ദ്രന്‍സ്. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഹാസ്യപ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാല്യകാലത്ത് കുരുത്തക്കേട് ധാരാളം ഉള്ളയാളായിരുന്നു താന്‍.

പഠനത്തിലും അനുസരണയിലും ഏറെ പിന്നിലെന്നും ഇന്ദ്രന്‍സ് ഓര്‍മ്മിച്ചു. ഒരു ദിവസം വൈകി വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു, പഠിക്കത്തുമില്ല, കുളിക്കത്തുമില്ല, നിന്നെ കണ്ട് നാട്ടുകാര്‍ ചിരിക്കും. ഈ വാക്കുകള്‍ പില്‍ക്കാലത്ത് സത്യമായെന്നു ഇന്ദ്രന്‍സ് ചടങ്ങില്‍ പറഞ്ഞു.

കുടക്കമ്പി, നീര്‍ക്കോലി തുടങ്ങിയ വിളികള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നിയിട്ടുണ്ട്. താന്‍ ദൈവത്തെപ്പോലെ കാണുന്നയാളാണ് കുഞ്ചന്‍ നമ്പ്യാര്‍. ‘ആളൊരുക്കം’ ചിത്രത്തില്‍ തുള്ളല്‍ കലാകാരന്റെ വേഷം ചെയ്യാനായത് മഹാഭാഗ്യമായി കാണുന്നുവെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ ചരിത്രത്തില്‍ ജനങ്ങള്‍ക്ക് ഇതുവരെ ഉണ്ടാകാത്ത സന്തോഷമാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ഉണ്ടായതെന്ന് അടൂര്‍ പറഞ്ഞു.