ഷൊര്‍ണൂര്‍ കൊലപാതക കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്ന ആരോപണം: ഡോ.ഉന്‍മേഷിനെ ഏഴു വര്‍ഷത്തിനു ശേഷം സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി

single-img
5 May 2018

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതിയെ പുറത്തേക്ക് തള്ളിയിട്ട് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയെന്ന ആരോപണത്തില്‍ ഫോറന്‍സിക് സര്‍ജന്‍ ഡോ.ഉന്‍മേഷിനെ സര്‍ക്കാര്‍ കുറ്റവിമുക്തനാക്കി.

ഗോവിന്ദച്ചാമിയുടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ഉന്‍മേഷാണ്. ഇയാള്‍ സത്യസന്ധനും കണ്ടെത്തലുകളില്‍ അപാകത ഉണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് കോടതിയിലെത്തിയപ്പോള്‍ പ്രതിഭാഗത്തിന് അനുകൂലമായി ഉന്‍മേഷ് മൊഴി നല്‍കിയതായി പ്രോസിക്യൂഷന്‍ നിലപാടെടുത്തത് വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു.

ഗോവിന്ദച്ചാമിയെ രക്ഷിക്കാനാണ് ഉന്‍മേഷ് ശ്രമിച്ചതെന്ന് ആരോപണമുയര്‍ന്നതോടെ ഡോക്ടര്‍ക്കെതിരെ കേസെടുക്കുകയും സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഒടുവില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുന്നത്.

നേരത്തെ, ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയും അംഗീകരിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആര് എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം.

തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം ചുമതല വഹിച്ചിരുന്ന ഡോക്ടര്‍ ഷെര്‍ളി വാസുവും ഫോറന്‍സിക് സര്‍ജനായ ഡോക്ടര്‍ ഉന്‍മേഷും തമ്മില്‍ വലിയ തര്‍ക്കവുമുണ്ടായി. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായി ഷെര്‍ലി വാസു കോടതിയില്‍ ഹാജരായപ്പോള്‍ പ്രതിഭാഗം ഹാജരാക്കിയത് ഉന്‍മേഷിനെയായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് താനാണെന്നും റിപ്പോര്‍ട്ടില്‍ ഷെര്‍ളി വാസു തിരുത്തലുകള്‍ വരുത്തിയതായും ഉന്‍മേഷ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ഉന്‍മേഷ് പണം വാങ്ങി പ്രതിഭാഗത്തിന് വേണ്ടി ഹാജരായി എന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.