കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; പരാതി പിന്‍വലിച്ചില്ലെങ്കില്‍ സഹോദരനും ശ്രീജിത്തിന്റെ ഗതിയെന്ന് കുടുംബത്തിന് ഭീഷണിക്കത്ത്

single-img
4 May 2018

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നല്‍കിയ ഹര്‍ജി മധ്യവേനല്‍ അവധിക്കുശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. കേസ് സിബിഐ അന്വേഷിക്കുന്നതു സംബന്ധിച്ചു സര്‍ക്കാരിന്റെ അഭിപ്രായം വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു.

കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐയും ഇന്ന് നിലപാട് കോടതിയില്‍ വ്യക്തമാക്കിയില്ല. പോലീസുകാര്‍ പ്രതിയായ കേസ് പോലീസുകാര്‍ അന്വേഷിക്കുന്നത് ഉചിതമല്ലെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കേസില്‍ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ എസ്‌ഐ ദീപക്കിനെയും പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെയും അറസ്റ്റു ചെയ്തിരുന്നു.

അതിനിടെ ശ്രീജിത്തിന്റെ കുടുംബത്തിനു വീണ്ടും ഭീഷണിക്കത്ത്. ആലുവ മുന്‍ റൂറല്‍ എസ്പിയുടെ പ്രത്യേക സംഘത്തിലുണ്ടായിരുന്ന മൂന്ന് ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണം എന്നതാണു കത്തിലെ പ്രധാന ആവശ്യം. ഇല്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും ഇതേ ഗതി വരുമെന്നു കത്തില്‍ ഭീഷണിയുണ്ട്.

തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ സ്‌ക്വാഡിലെ ജയന്‍, സുനില്‍ലാല്‍, സുവിന്‍, ഷിബു എന്നിവരുടെ പേരിലുള്ളതാണു കത്ത്. മാധ്യമങ്ങളുടെ സഹായത്തോടെ കളിക്കാന്‍ നില്‍ക്കേണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു. മുന്‍പും ശ്രീജിത്തിന്റെ കുടുംബത്തിനു ഭീഷണിക്കത്ത് ലഭിച്ചിരുന്നു. പൊലീസുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നായിരുന്നു അന്നും ആവശ്യം. പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.