മന്ത്രിമാരുടെ ‘കാട്ടിക്കൂട്ടല്‍’ കണ്ട് കൂടുതല്‍ ബിജെപി നേതാക്കളും പറഞ്ഞുതുടങ്ങി….; ‘മോദിയുടെ ദളിത് സമ്പര്‍ക്ക പരിപാടി വെറും ഷോ മാത്രം’

single-img
4 May 2018

ദളിതര്‍ക്കെന്ന പേരില്‍ പ്രധാനമന്ത്രി നടത്തുന്ന ദളിത് സമ്പര്‍ക്ക പരിപാടികള്‍ വെറും ഷോ മാത്രമെന്ന് ബിജെപി ദളിത് നേതാവ് സാവിത്രി ഭായ് ഫൂലെ. ദളിത് ഭവനങ്ങളിലെ പാത്രങ്ങളില്‍ അവിടെ പാകം ചെയ്ത ഭക്ഷണം കഴിക്കാതെ ബിജെപി നേതാക്കള്‍ നടത്തുന്ന പരിപാടി വ്യാജ നാട്യം മാത്രമാണെന്നും സാവിത്രി ഭായ് ഫൂലെ പറഞ്ഞു.

ഇന്ത്യയിലെ 85 ശതമാനം ജനങ്ങളും പിന്നോക്കക്കാരും ദരിദ്രരുമാണ്. ദളിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ അവരുടെ വീട്ടിലെ പാത്രങ്ങളോ അവിടെ പാകം ചെയ്ത ഭക്ഷണമോ കഴിക്കില്ല. ഇതെല്ലാം വ്യാജ നാട്യങ്ങള്‍ മാത്രമാണെന്നും ഇതൊന്നും ബിജെപിയെ രക്ഷിക്കാന്‍ പോകുന്നില്ലെന്നും സാവിത്രി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ദളിത് സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് ബിജെപി മന്ത്രിമാര്‍ ദളിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതും ദളിതര്‍ പാചകം ചെയ്ത ആഹാരം കഴിക്കുന്നതും. നിരവധി ബിജെപി നേതാക്കള്‍ പരിപാടിയുടെ ഭാഗമാവുകയും വാര്‍ത്തകളിലിടം പിടിയ്ക്കുകയും ചെയ്തിരുന്നു.

ദളിതരുടെ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ചതായി വരുത്തിതീര്‍ത്ത് ഉത്തര്‍പ്രദേശ് മന്ത്രി വിവാദത്തില്‍ അകപ്പെട്ടപ്പോള്‍ മറ്റൊരു മന്ത്രിയുടെ കണ്ടെത്തല്‍ ദളിതരുടെ വീട് സന്ദര്‍ശിക്കുന്നവര്‍ ശ്രീരാമനെപ്പോലെയാണെന്നായിരുന്നു.

രാജ്യമെമ്പാടും ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കുമെതിരെ സംഘപരിവാര്‍ ആക്രമണം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് ദളിതരോടുള്ള സ്‌നേഹം കാണിക്കാന്‍ ബിജെപി സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ബിജെപിയില്‍ നിന്നകന്നു പോയ ദളിത് സമൂഹത്തെ തങ്ങളുടെ വരുതിയിലാക്കുകയാണ് ലക്ഷ്യം.