തനിക്ക് ചരിത്രം അറിയില്ലെന്ന് പ്രധാനമന്ത്രി വീണ്ടും തെളിയിച്ചു; എഴുതി കൊടുത്തിട്ടും പ്രസംഗിച്ചതെല്ലാം ‘ആനമണ്ടത്തരങ്ങള്‍’; കര്‍ണാടകയില്‍ ബിജെപിയെ നാണംകെടുത്തി മോദി

single-img
4 May 2018

വ്യാഴാഴ്ച ബെള്ളാരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രിക്ക് വമ്പന്‍ അബദ്ധം പിണഞ്ഞത്. കോണ്‍ഗ്രസ്സുകാരുടെ സ്വാഭാവിക പ്രകൃതം തന്നെ ദേശസ്‌നേഹികളെ കുത്തിനോവിക്കുക എന്നതാണെന്ന് മോദി ആരോപിച്ചു.

എല്ലാവരും സ്വാതന്ത്ര്യസമര സേനാനികളെ മറക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരുടെ സംഭാവനകളെ കോണ്‍ഗ്രസ് വിലമതിക്കാറില്ലെന്നും പകരം അവരെ അപമാനിക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളതെന്നും പ്രധാനമന്ത്രി ആരോപിച്ചു.

സൈനികരെ മോശക്കാരാക്കുന്ന കോണ്‍ഗ്രസ് കര്‍ണാടകക്കാരായ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയോടും ജനറല്‍ തിമ്മയ്യയോടും കാണിച്ചതെന്താണെന്നു ചരിത്രത്തിലുണ്ടെന്നു വ്യക്തമാക്കിയ മോദി പിന്നീടാണ് പൊട്ടത്തെറ്റുകള്‍ പറഞ്ഞത്. ‘ജനറല്‍ തിമ്മയ്യക്ക് കീഴില്‍ 1948ല്‍ നമ്മള്‍ ഇന്ത്യപാക് യുദ്ധം ജയിച്ചു.

എന്നാല്‍,യുദ്ധത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും ജനറല്‍ തിമ്മയ്യയെ തുടര്‍ച്ചയായി അവമതിക്കാനാണ് ശ്രമിച്ചത്. ഇതാണ് ജനറല്‍ തിമ്മയ്യ രാജിവെക്കാന്‍ കാരണം’ മോദി പറഞ്ഞു.

എന്നാല്‍, 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നില്ല സൈനിക മേധാവി. ഈ വസ്തുത അറിയാതെയാണ് മോദി എഴുതിക്കൊടുത്ത പ്രസംഗം വായിച്ചുകുടുങ്ങിയത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയായത്. 1948ല്‍ വി.കെ. കൃഷ്ണമേനോന്‍ ഇന്ത്യയുടെ പ്രതിരോധമന്ത്രിയുമായിരുന്നില്ല.

1947മുതല്‍ 1952 വരെ യു.കെയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു അദ്ദേഹം.1957 മുതല്‍ 1962 വരെയായിരുന്നു അദ്ദേഹം പ്രതിരോധ മന്ത്രിയായിരുന്നത്. 1948ല്‍ ബല്‍ദേവ് സിങ് ആയിരുന്നു പ്രതിരോധ മന്ത്രി. ഇതോടെ മോദിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.

ചരിത്രവിവരം വര്‍ധിക്കാന്‍ ദിവസവും പത്രം വായിക്കുന്നത് നല്ലതാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല മോദിയെ പരിഹസിച്ചത്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം നല്‍കാന്‍ താന്‍ സന്നദ്ധനാണെന്നായിരുന്നു പത്രപ്രവര്‍ത്തകനായ വിഷ്ണുസോമിന്റെ പരിഹാസം. മോദിയുടെ തെറ്റ് ചൂണ്ടിക്കാട്ടി സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവും രംഗത്തെത്തി.