അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങുന്നവര്‍ ഈ അവാര്‍ഡ് നിരസിച്ചതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് ജോയി മാത്യു

single-img
4 May 2018

ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച പുരസ്‌കാര ജേതാക്കളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ജോയി മാത്യു. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് ജോയി മാത്യു അഭിപ്രായപ്പെട്ടു.

കത്വയില്‍ പിഞ്ചുബാലികയെ ബലാല്‍സംഗംചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണു അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിനു ഒരു നിലപാടിന്റെ അഗ്‌നിശോഭയുണ്ടായേനെയെന്നും ജോയി മാത്യു വിമര്‍ശിക്കുന്നു.

കൊച്ചുകുട്ടികള്‍ കളിപ്പാട്ടം കിട്ടാത്തതിനു കരയുന്ന പോലെയെ ഇതിനെ കാണാനാകൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജോയി മാത്യുവിന്റെ പ്രതികരണം. അതേസമയം യേശുദാസിനും ജയരാജിനും പിന്തുണയുമായി നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരങ്ങള്‍ കൈമാറിയത് കെണ്ട് അതിന്റെ ഒരു തിളക്കവും നഷ്ടപെട്ടില്ല. തരുന്ന വ്യക്തിയെക്കാള്‍ പ്രാധാന്യം കിട്ടുന്ന സമ്മാനത്തിനു തന്നെയാണെന്ന് അദേഹം പറയുന്നു. ചാനല്‍ മുതലാളിമാരുടെ സകല കോമാളിത്തരങ്ങളും മണിക്കുറുകളോളം സഹിച്ച് ഊരും പേരും അറിയാത്ത സ്‌പോണ്‍സര്‍മാരുടെ മുന്നില്‍ വിനീതവിധേയരായി നിന്ന് അവാര്‍ഡുകള്‍ വാങ്ങുന്നവരാണ് എല്ലാവരും എന്ന് ഓര്‍ത്താല്‍ നന്നെന്ന് ഹരീഷ് പറയുന്നു. നേരത്തെ യേശുദാസും ജയരാജും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയതിനെതിരെ സംവിധായകരായ സിബി മലയിലും സനല്‍ കുമാര്‍ ശശിധരനും രംഗത്ത് എത്തിയിരുന്നു.

ആത്മാഭിമാനം അടിയറവു വയ്ക്കാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് സിബി മലയില്‍ പറഞ്ഞത്. നിലപാടും നട്ടെല്ലുമുള്ള കലാകാരന്മാര്‍ക്ക് ഒരു വലിയ സലാം. യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമാണെന്നാണ് സനല്‍ കുമാര്‍ ശശിധരനും വ്യക്തമാക്കിയത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം സംബന്ധിച്ച വിവാദം കത്തി നില്‍ക്കെ, പ്രതിഷേധിച്ചവരെ വിമര്‍ശിച്ച് സംവിധായകന്‍ ജയരാജ് രംഗത്തെത്തി. പുരസ്‌കാര വിതരണ ചടങ്ങ് ഒരു വിഭാഗം ബഹിഷ്‌കരിച്ചത് തെറ്റായിപ്പോയെന്നും ബഹിഷ്‌കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് വ്യക്തമാക്കി.