പരിക്കേറ്റ് വഴിയരികില്‍ കിടന്ന കരടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; ടാക്‌സി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം (വീഡിയോ)

single-img
4 May 2018

https://www.youtube.com/watch?v=NQxwewWGefI

പരിക്കേറ്റ് വഴിയരികില്‍ കിടന്ന കരടിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ കരടി ആക്രമിച്ച് കൊലപ്പെടുത്തി. ഒഡിഷയില്‍ ടാക്‌സി ഡ്രൈവറായ പ്രഭു ഭത്ര എന്നയാളാണ് കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒരു വിവാഹസംഘത്തെയും കൊണ്ട് പോവുകയായിരുന്നു പ്രഭു. ഈ സമയം വഴിയരികില്‍ മുറിവേറ്റ നിലയില്‍ കരടി കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി പ്രഭു കരടിക്കൊപ്പം ചിത്രമെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മുറിവേറ്റ് കിടന്ന കരടി എഴുന്നേല്‍ക്കില്ലെന്നാണയാള്‍ വിചാരിച്ചത്.

എന്നാല്‍, പെട്ടെന്ന് ചാടിയെഴുന്നേറ്റ കരടി അക്രമാസക്തനാവുകയും പ്രഭുവിനെ ആക്രമിക്കുകയുമായിരുന്നു. ഒരു ചരിഞ്ഞ പ്രദേശത്ത് കുളത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ ശ്രമിക്കുകയായിരുന്നു കരടി. അതിനടുത്തേക്ക് പോയ പ്രഭു കാല്‍വഴുതി കരടിയുടെ അടുത്തേക്ക് വീഴുകയായിരുന്നു.

പ്രഭുവിന്റെ മുഖത്താണ് കരടി കടിച്ചത്. തുടര്‍ന്ന് അയാളെ വലിച്ചിഴച്ചു. ഇത് കണ്ട് കാറിലുണ്ടായിരുന്നവര്‍ ഉറക്കെ കരയുന്നതും വീഡിയോയില്‍ കാണാം. കരടിയില്‍നിന്ന് പ്രഭുവിനെ രക്ഷിക്കാന്‍ ഒരാള്‍ കല്ലെറിഞ്ഞും അടിച്ചും കരടിയെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതര്‍ എത്തി വെടിവച്ച് കരടിയെ മയക്കിയതിനു ശേഷമാണ് പ്രഭുവിന്റെ മൃതദേഹം അവിടെ നിന്നു മാറ്റിയത്.