കെ.ഇ.ഇസ്മയില്‍ പക്ഷക്കാരെ സംസ്ഥാന, ജില്ലാതലങ്ങളില്‍ നിന്നും വെട്ടിനിരത്താന്‍ നീക്കം: സിപിഐയില്‍ വീണ്ടും പോര് മുറുകുന്നു

single-img
4 May 2018

സിപിഐ സംസ്ഥാന, ജില്ലാതലങ്ങളില്‍ കെ.ഇ.ഇസ്മായില്‍ പക്ഷക്കാരെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ മാസം 15ന് നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് രൂപീകരണ യോഗത്തില്‍ കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന വെട്ടിനിരത്തല്‍ ആവര്‍ത്തിച്ചേക്കുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ കൗണ്‍സിലില്‍നിന്നു പന്ന്യന്‍ രവീന്ദ്രന്‍, സി.എന്‍.ചന്ദ്രന്‍, സി.എ.കുര്യന്‍, സി.ദിവാകരന്‍, കമല സദാനന്ദന്‍, ടി.വി.ബാലന്‍ തുടങ്ങിയ ഇസ്മായില്‍ വിഭാഗം നേതാക്കളെ ഒഴിവാക്കിയിരുന്നു. പകരം കാനത്തിനോട് അനുഭാവമുള്ളവര്‍ കൗണ്‍സിലില്‍ ഇടംപിടിച്ചു.

ദേശീയ എക്‌സിക്യൂട്ടീവില്‍നിന്ന് ഇസ്മായിലിനെ ഒഴിവാക്കുമെന്നു പ്രചാരണമുണ്ടായിരുന്നെങ്കിലും നിലനിര്‍ത്തി. പന്ന്യന്‍ രവീന്ദ്രനെ ദേശീയ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനാക്കി. പകരം കാനം പക്ഷക്കാരനായ ബിനോയ് വിശ്വം സെക്രട്ടേറിയറ്റിലുമെത്തി.

സംസ്ഥാന എക്‌സിക്യൂട്ടീവില്‍ 21 അംഗങ്ങളാണുള്ളത്. ഇതില്‍ സി.എന്‍.ചന്ദ്രന്‍, സി.ദിവാകരന്‍, കമല സദാനന്ദന്‍, സി.എ.കുര്യന്‍, എന്‍.രാജന്‍ തുടങ്ങിയ നേതാക്കള്‍ ഒഴിവാക്കപ്പെടാനാണു സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന എക്‌സിക്യൂട്ടീവിനു പിന്നാലെ ജില്ലാ എക്‌സിക്യൂട്ടീവുകള്‍ തിരഞ്ഞെടുക്കപ്പെടുമ്പോഴും ഇസ്മായില്‍ വിഭാഗം നേതാക്കള്‍ ഒഴിവാക്കപ്പെട്ടേക്കും.

സംസ്ഥാന കൗണ്‍സിലില്‍ കാനം വിഭാഗത്തിനാണ് ആധിപത്യം. അതേസമയം ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്ന ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അതൃപ്തരാണ്. ബിജെപിക്കെതിരെ പ്രതിരോധം ഉയര്‍ത്തികൊണ്ടുവരേണ്ട സാഹചര്യത്തില്‍ നേതാക്കള്‍ തമ്മിലടിച്ചു സ്വന്തം ഇടം നഷ്ടപ്പെടുത്തുകയാണെന്നു മുതിര്‍ന്ന നേതാക്കള്‍ക്കടക്കം അഭിപ്രായമുണ്ട്.

നേരത്തെ, മലപ്പുറത്തുനടന്ന സംസ്ഥാന സമ്മേളനത്തില്‍ ശക്തമായ വിഭാഗീയതയുടെ തെളിവുകളാണു പുറത്തുവന്നത്. 101 അംഗ സംസ്ഥാന കൗണ്‍സിലേക്ക് 32 അംഗങ്ങളെ സംസ്ഥാന നേതൃത്വം തിരഞ്ഞെടുത്തു. മറ്റുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനായി ചേര്‍ന്ന ജില്ലകളുടെ ഗ്രൂപ്പ് യോഗങ്ങളില്‍ വാശിയേറിയ പോരാട്ടമാണു നടന്നത്.

ഇസ്മായില്‍ വിഭാഗത്തിനു മുന്‍തൂക്കമുള്ള ജില്ലകളില്‍ കാനത്തിനോട് അനുഭാവമുള്ള നേതാക്കള്‍ ഒഴിവാക്കപ്പെട്ടു. എറണാകുളത്ത് കാനം പക്ഷക്കാരനായ കെ.എം.ദിനകരനെയും ഇ.കെ.ശിവനെയും ഒഴിവാക്കി. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളും മത്സരത്തിലേക്കു പോയി.

ഒടുവില്‍ നേതൃത്വം ഇടപെട്ടാണു പലയിടങ്ങളിലും മത്സരം ഒഴിവാക്കിയത്. മലപ്പുറം സമ്മേളനത്തില്‍ രാഷ്ട്രീയ ചേരിതിരിവിന് ഇടയാക്കിയ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയ വെളിയം രാജനെ കമ്മിഷന്‍ പദവിയില്‍നിന്നു നീക്കി. നാല് കമ്മിഷന്‍ അംഗങ്ങളെയും ഒഴിവാക്കി. ഇസ്മായില്‍ വിഭാഗം നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണു കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

കടപ്പാട്: മനോരമ