പിതാവിന്റെ മദ്യപാനമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണം; മദ്യം നിരോധിക്കണം: പ്രധാനമന്ത്രിക്ക് കത്തെഴുതി 17കാരന്‍ ആത്മഹത്യ ചെയ്തു

single-img
3 May 2018

പിതാവിന്റെ അമിത മദ്യപാനത്തില്‍ മനം നൊന്ത് 17കാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയും പന്ത്രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയുമായ ദിനേശാണ് ആത്മഹത്യ ചെയ്തത്. പിതാവിന്റെ മദ്യപാനമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും, മദ്യം നിരോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ഇ.പളനിസാമിയ്ക്കും കുട്ടി കത്തെഴുതിയിട്ടുണ്ട്.

വണ്ണര്‍പെട്ടിയിലെ പാലത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. തന്റെ മരണാനന്തര ചടങ്ങുകളില്‍ പോലും പിതാവ് പങ്കെടുക്കരുതെന്ന് ദിനേശ് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നീറ്റ് പരിശീലനത്തിന് പോയിരുന്ന കുട്ടി പിതാവിന്റെ അമിത മദ്യപാനം മൂലം ഏറെനാളായി മാനസിക സംഘര്‍ഷത്തിലായിരുന്നു. പിതാവിന്റെ മദ്യപാനം മൂലം വീട്ടില്‍ കലഹം പതിവായിരുന്നതാണ് ദിനേശിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത്.

‘അപ്പാ എന്റെ മരണശേഷമെങ്കിലും അപ്പ ഇനി മദ്യപിക്കരുത്.. നിരന്തരം കുടിക്കുന്നതിനാല്‍ അപ്പ എന്റെ ചിതയ്ക്ക് തീ കൊളുത്തരുത്..അപ്പ അതിനായി തലമുണ്ഡനം ചെയ്യുകയും വേണ്ട, മണിഅപ്പ(അമ്മാവന്‍) എനിക്ക് വേണ്ടി അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുകൊള്ളും, ഇതാണ് എന്റെ അവസാനത്തെ ആഗ്രഹം, അപ്പ കുടി നിര്‍ത്തിയാല്‍ മാത്രമേ എന്റെ ആത്മാവിന് നിത്യശാന്തി കിട്ടൂ..ഈ 17കാരന്റെ ആത്മഹത്യാക്കുറിപ്പിലെ വരികളാണിത്.

മദ്യശാലകള്‍ നടത്തുന്ന സര്‍ക്കാരിനെതിരായ ക്ഷോഭവും അവന്‍ കത്തില്‍ മറച്ചുവച്ചില്ല. ഇപ്പോഴെങ്കിലും പ്രധാനമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയും ഇടപെട്ട് മദ്യശാലകള്‍ എല്ലാം അടച്ചുപൂട്ടണം, അല്ലെങ്കില്‍ തന്റെ ആത്മാവ് ഈ കടകളെല്ലാം തകര്‍ക്കും, ആ കൗമാരമനസ്സിന്റെ അന്ത്യകുറിപ്പ് ഇങ്ങനെ പോകുന്നു. ആത്മഹത്യാകുറിപ്പ് അവസാനിപ്പിക്കുന്നത് എന്ന് ദിനേശ് എംബിബിഎസ് എംഡി എന്നാണ്.

ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ നിന്നാണ് ഈ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ഒമ്പത് വര്‍ഷം മുമ്പാണ് അവന് അമ്മയെ നഷ്ടമായത്. അതിന് ശേഷം അച്ഛന്‍ മാടസാമി രണ്ടാമതും വിവാഹം കഴിച്ചു, അതോടെ ദിനേശ് തീര്‍ത്തും ഒറ്റപ്പെട്ടു. മധുരയിലുള്ള അമ്മാവന്റെ തണലില്‍ അവന്‍ പഠനം തുടര്‍ന്നു, നാമക്കലിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 12 വരെ പഠിച്ചു.

അവധിക്കാലത്ത് വല്ലപ്പോഴുമേ അവന്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നുള്ളൂ. 12 ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയിലെത്തി ചായക്കടയില്‍ കുറേനാള്‍ തൊഴിലെടുത്തു, ചായക്കടയിലെ പണിക്കിടയിലുള്ള ഇടവേളകളില്‍ അവന്‍ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. മെയ് ആറിന് നടക്കുന്ന പരീക്ഷ അവന്‍ എഴുതേണ്ടതായിരുന്നു.

ഒരു കുഴപ്പവും വീട്ടിലുണ്ടാവില്ല എല്ലാം ശരിയാക്കാം എന്ന ബന്ധുക്കളുടെ നിര്‍ബന്ധത്തില്‍ അവന്‍ പിന്നെയും റെഡ്ഡിയാര്‍പട്ടിയിലേക്ക് അച്ചന്റെ അരികിലേക്ക് മടങ്ങി. നീറ്റ് പരീക്ഷയ്ക്ക് വീട്ടില്‍ നിന്ന് പഠനം തുടരാന്‍ ബന്ധുക്കള്‍ പ്രോത്സാഹിപ്പിച്ചു. പക്ഷേ മാടസാമിയുടെ സ്വഭാവത്തില്‍ ഒരുമാറ്റവുമില്ല, മദ്യലഹരിയില്‍ ആക്ഷേപവും പീഡനവും തുടര്‍ന്നു, ഏറ്റവും ഒടുവില്‍ ചായക്കടയില്‍ ജോലിചെയ്ത് സ്വരൂപിച്ച പണവും വരെ എടുത്ത് മാടസാമി കള്ളു വാങ്ങി കുടിച്ചു.

അതും കൂടിയായപ്പോള്‍ അവന് സഹിക്കാനായില്ല. തൂത്തുക്കുടിയിലെ കയാത്താറിലെ ബന്ധുക്കളെ കാണാന്‍ എന്ന് പറഞ്ഞ് അവന്‍ വീട് വിട്ടിറങ്ങി, ആ യാത്ര അവന്‍ നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. പാളയംകോട്ടയിലെത്തി റെയില്‍വേ പാലത്തില്‍ തൂങ്ങി അവന്‍ ജീവിതം അവസാനിപ്പിച്ചു. മെഡിക്കല്‍ പഠനം സ്വപ്‌നം കണ്ട കുട്ടിയുടെ മൃതദേഹം കണ്ടവര്‍ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ അറിഞ്ഞതോടെ ആകെ തകര്‍ന്നുപോയി. പലര്‍ക്കും കണ്ണീരടക്കാനായില്ല