വിദേശ വനിതയെ പീഡന ശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്നെന്ന് പ്രതികളുടെ കുറ്റസമ്മതം: ഉദയനും ഉമേഷും അറസ്റ്റില്‍

single-img
3 May 2018

തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

കൊലപാതകം പീഡനത്തിനിടെയെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലുള്ള പ്രതികളുടെ കുറ്റസമ്മതമൊഴിയും ശാസ്ത്രീയ സാഹചര്യത്തെളിവുകളും കോര്‍ത്തണിക്കിയാണ് വിദേശ വനിത എങ്ങനെ കൊല്ലപ്പെട്ടുവെന്നതിന്റെ പൂര്‍ണ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചത്.

വിദേശ വനിത കോവളത്തെത്തിയ മാര്‍ച്ച് 14ന് രാത്രിയില്‍ കൊല നടന്നു എന്നാണ് കണ്ടെത്തല്‍. ഗ്രോബീച്ചില്‍ കണ്ടെത്തിയ വിദേശ വനിതയെ തന്ത്രപൂര്‍വ്വം ഉമേഷും ഉദയനും ചേര്‍ന്ന് ഫൈബര്‍ ബോട്ടില്‍ വാഴമുട്ടത്തെ പൊന്തകാട്ടിലെത്തിച്ചു. മയക്കുമരുന്നു നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു.

രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. വിദേശ വനിത ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചുവെന്നാണ് പ്രതികള്‍ പറയുന്നത്. പ്രദേശവാസിയായ ഉമേഷ് കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയ്ര്‍ ടേക്കറാണ്. സ്ഥിരമായി സ്ത്രീകളെയും കുട്ടികളെയും പൊന്തക്കാട്ടിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നും ഇയാള്‍ മൊഴി നല്‍കി.

പീഡനത്തിനിരയായ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഉമേഷിനെതികെ പോക്‌സോ പ്രകാരം മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്യും. ഉമേഷിന്റെ ബന്ധുവും സുഹൃത്തുമായ ഉദയന്‍ ടൂറിസ്റ്റ് ഗൈയ്ഡാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കാനറിയാവുന്ന ഉദയനാണ് വിദേശ വനിതയെ തന്ത്രപൂര്‍വ്വം ഇവിടേക്ക് കൊണ്ടുവന്നതു.

സ്ഥലത്തുനിന്നും ശേഖരിച്ച തലമുടി പ്രതികളുടെതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്ഥീരീകരിച്ചു. വാഴമുട്ടത്തുകാരായ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ദിവസങ്ങള്‍ നീണ്ട ദുരൂഹതകള്‍ക്കൊടുവിലാണ് കേസിന്റെ ചുരുളഴിഞ്ഞത്.

വിദേശ വനിതയുടെ മൃതദേഹത്തിനരികെ കണ്ടെത്തിയ കോട്ട് ഉദയന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഒരു വിദേശി സമ്മാനിച്ചതായിരുന്നു ഈ കോട്ട്. നേരത്തെ ഈ കോട്ടിനെ ചൊല്ലി സംശയം ഉണ്ടായിരുന്നു. ലിഗ ബീച്ചില്‍ നിന്ന് 200 രൂപ കൊടുത്ത് വാങ്ങിയ ചൈനീസ് കോട്ട് എന്നായിരുന്നു തുടക്കത്തില്‍ പൊലീസ് നിഗമനം.

പിന്നീടാണ് കോട്ട് ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. ശ്വാസംമുട്ടിച്ചുകൊന്ന ലിഗയെ കെട്ടിതൂക്കാനുള്ള ശ്രമങ്ങളുണ്ടായതായി സംശയിച്ചെങ്കിലും അത്തരം തെളിവുകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചില്ല. കൊലപ്പെടുത്തിയശേഷം മൃതദേഹം കണ്ടല്‍കാട്ടില്‍ ഉപേക്ഷിച്ച് പോയ പ്രതികള്‍ പിന്നീട് പലപ്പോഴും ഇവിടെ രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു.

മദ്യപിക്കാനും ചൂണ്ടയിടാനും മറ്റും ഇവര്‍ ഇടയ്ക്കിടെ ഇവിടെ വന്നുപോകാറുണ്ടായിരുന്നതിനാല്‍ ആദ്യം ആര്‍ക്കും മറ്റ് സംശയങ്ങളുമുണ്ടായില്ല. കണ്ടല്‍കാട്ടിലൂടെ ചൂണ്ടയിടാന്‍ പോയ ചില യുവാക്കള്‍ മൃതദേഹം കാണുകയും പൊലീസ് അന്വേഷിച്ചെത്തുകയും ചെയ്തതോടെ ഉമേഷ് പനത്തുറയില്‍ നിന്ന് മുങ്ങി.

പനത്തുറ കേന്ദ്രീകരിച്ച് അന്വേഷണം മുറുകുന്നതിനിടെ ഇയാളുടെ പെട്ടെന്നുണ്ടായ തിരോധാനം പൊലീസിന്റെ നോട്ടപ്പുളളിയാക്കി. സംശയിക്കുന്നവരുടെ പട്ടികയിലുള്‍പ്പെടുത്തിയ ഇയാളുടെ മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിരീക്ഷിച്ച പൊലീസ് കോട്ടയത്തേക്ക് കടന്ന ഇയാളെ ദിവസങ്ങള്‍ക്കകം പിടികൂടി. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ സംശയം ബലപ്പെട്ടു.

വിദേശ വനിതയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും ആദ്യം പറഞ്ഞ ഇയാള്‍ പിന്നീട് കണ്ടല്‍കാട്ടില്‍ വച്ച് കണ്ടതായി മൊഴി മാറ്റി. വിശദമായ ചോദ്യം ചെയ്യലില്‍ മറുപടികള്‍ പരസ്പര വിരുദ്ധമായതും ഉമേഷിന്റെ മൊഴികളില്‍ പലതും വസ്തുതകളുമായി യോജിക്കാത്തതും പൊലീസിന്റെ സംശയം ഇയാളിലേക്ക് നീളാന്‍ ഇടയായി.

ദൃക്‌സാക്ഷികളോ, വിരലടയാളമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളോ അവശേഷിക്കാതിരുന്ന കേസില്‍ ശാസ്ത്രീയമായ ചോദ്യം ചെയ്യലിനിടെ ഉദയകുമാറാണ് കഴിഞ്ഞദിവസം പൊലീസിനോട് കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതായ ഉമേഷും കുറ്റമേറ്റു.

കൊല്ലപ്പെട്ട് ഒരുമാസത്തിനുശേഷമാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് പ്രാഥമികമായ തെളിവുകള്‍ പലതും നശിക്കാനിടയാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിദേശ വനിത ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിദേശ വനിതയുടെ സഹോദരി ഇലിസ മരണം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തുകയും സംസ്ഥാന പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവരെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്. പത്തുദിവസത്തിലധികം നീണ്ട അന്വേഷണത്തിനും ശാസ്ത്രീയ തെളിവുശേഖരണത്തിനും ഒടുവിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.