സിപിഎമ്മിന് പുതിയ തലവേദനയുണ്ടാക്കി ഇപി ജയരാജന്റെ മകന്റെ റിസോര്‍ട്ട് നിര്‍മ്മാണം; കുന്നിടിച്ച് നിരത്താന്‍ അനുമതി നല്‍കിയത് പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭ

single-img
3 May 2018

10 ഏക്കര്‍ വിസ്തൃതിയില്‍ മൊറാഴ ഉടുപ്പ് കുന്നിടിച്ചാണ് ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനി കണ്ണൂരില്‍ റിസോര്‍ട്ട് പണിയുന്നത്. വന്‍പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിര്‍മാണപ്രവര്‍ത്തനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് നല്‍കിയ പരാതിയൊന്നും വകവെക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

മൂന്നു കോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോര്‍ട്ട് നിര്‍മാണം. ജയ്‌സണും വ്യവസായിയായ കളത്തില്‍ പാറയില്‍ രമേഷ് കുമാറും ചേര്‍ന്നാണ് കമ്പനി രൂപീകരിച്ചതെന്നു രേഖകള്‍ വ്യക്തമാക്കുന്നു. ജയരാജന്റെ മകന്‍ ചെയര്‍മാനും രമേഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറുമാണെന്നും കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറയുന്നു.

1000 രൂപയുടെ 2500 ഷെയറുകള്‍ ഉള്‍പ്പെടെ 25 ലക്ഷംരൂപയുടെ ഷെയറാണ് ജയരാജന്റെ മകനുള്ളത്. കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കേന്ദ്രകമ്മിറ്റി അംഗത്തിന്റെ മകന്‍ പങ്കാളിയായ കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. നിലവില്‍ വന്‍ വ്യവസായികളടക്കം ഏഴുപേരാണ് കമ്പനി ഡയറക്ടര്‍മാര്‍.

27.10.2016 നാണ് പ്രതിപക്ഷം പോലുമില്ലാത്ത ആന്തൂര്‍ നഗരസഭ ബില്‍ഡിങ് പെര്‍മിറ്റിന് അനുമതി നല്‍കുന്നത്. അതായത് ആന്തൂര്‍ നഗരസഭ രൂപീകരിച്ച് ഒരാഴ്ചക്കകമാണ് റിസോര്‍ട്ട് നിര്‍മ്മാണത്തിനുള്ള അനുമതി നേടുന്നത്. ഇവിടെ പ്രതിപക്ഷം ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കാര്യങ്ങളെല്ലാം എളുപ്പമായി.

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് രണ്ട് വന്‍ കിണറുകളും രണ്ട് കുഴല്‍ക്കിണറുകളും റിസോര്‍ട്ടിന്റെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. ഉടുപ്പ് കുന്നിനെ പൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനത്തിലെ പാരിസ്ഥിതികാഘാതം പഠിക്കണമെന്ന് പരിഷത്ത് പരാതി നല്‍കിയിരുന്നു.

പരിഷത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കളക്ടര്‍ തളിപ്പറമ്പ് തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതികാഘാതം പഠിക്കാന്‍ ജിയോളജി വകുപ്പിനെ ഏല്‍പ്പിച്ചിട്ടുമുണ്ട്.

കടപ്പാട്: മാതൃഭൂമി