ത്രിപുര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ മണ്ടത്തരങ്ങള്‍ക്ക് പിന്തുണയുമായി ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ്

single-img
2 May 2018

നാരദന്‍ ഗൂഗിളിനെ പോലെ ആയിരുന്നുവെന്ന് പറഞ്ഞ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയേയും, ബിരുദക്കാരോട് സര്‍ക്കാര്‍ ജോലി നോക്കാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവിനെയും പിന്തുണച്ച് ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസ് രംഗത്ത്.

ഇരുവരും പറഞ്ഞ കാര്യങ്ങളില്‍ എന്താണ് തെറ്റെന്നാണ് മോഹന്‍ദാസിന്റെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു ടി.ജി മോഹന്‍ദാസിന്റെ പ്രസ്താവന. നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു ഗൂഗിള്‍ തോറ്റുപോകും: എന്നു പറഞ്ഞാല്‍ എന്താ ഇത്ര വലിയ കുഴപ്പം? എന്നായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ആദ്യ ട്വീറ്റ്.

തുടര്‍ന്ന് പി.എസ്.സി വഴി മുപ്പത്തഞ്ചാം വയസ്സില്‍ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞാല്‍ എന്താ കുഴപ്പം? എന്നും ടി.ജി മോഹന്‍ദാസ് ട്വീറ്റ് ചെയ്തു. മോഹന്‍ദാസിനു പിന്നാലെ ഇതേ നിലപാടുമായി ബിജെപി നേതാവ് കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.