ദളിതരുടെ വീട് സന്ദര്‍ശിക്കുന്നത് അവരെ അനുഗ്രഹിക്കാന്‍; യോഗി ആദിത്യനാഥിനെയും മന്ത്രിമാരെയും ശ്രീരാമനോട് ഉപമിച്ച് ബി.ജെ.പി മന്ത്രി

single-img
2 May 2018

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മന്ത്രിമാരെയും ശ്രീരാമനോട് ഉപമിച്ച് ബി.ജെ.പി മന്ത്രി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദളിത് ഗൃഹങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രവര്‍ത്തിയാണ് രാമന്റെ ശബരീഗൃഹ സന്ദര്‍ശനത്തോട് യു.പി മന്ത്രി രാജേന്ദ്ര പ്രതാപ് സിങ് ഉപമിച്ചത്.

ദളിത് വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ അവരെ ബിജെപി നേതാക്കള്‍ അനുഗ്രഹിക്കുകയാണ്. ഝാന്‍സി ജില്ലയിലെ ഗധ്മാവു ഗ്രാമത്തിലെ ഒരു ദളിത് സമുദായാംഗത്തിന്റെ വീട്ടില്‍ അത്താഴം കഴിക്കാന്‍ പോകുന്നതിന് മുമ്പായാണ് ഇത്തരമൊരു പരാമര്‍ശം അദ്ദേഹം നടത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

‘ശബരി നേദിച്ച പഴം ഭക്ഷിച്ച് അവരെ ശ്രീരാമന്‍ അനുഗ്രഹിച്ചതു പോലെ ദളിതരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ ബിജെപി നേതാക്കള്‍ അവരെ അനുഗ്രഹിക്കുകയാണ്’ സിങ് പറഞ്ഞു. ‘ഞാന്‍ ഒരു ക്ഷത്രിയനാണ്. സമുദായത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നത് എന്റെ രക്തത്തിലുള്ളതാണ്.

ഞങ്ങള്‍ക്ക് ദിശാബോധം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ ആളുകളുടെ(ദളിത്) സ്‌നേഹവും സന്തോഷവും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും’. അത് അവരുടെ കുടുംബത്തിന്റെ മുഖത്തു കാണാമെന്ന് ദളിത് കുടുബത്തില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം സിങ് പറഞ്ഞു.