ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജുഡീഷ്യറി സ്വതന്ത്രമായി നിലകൊള്ളണം; സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ ‘വിനാശകരം’: മുന്നറിയിപ്പുമായി മുന്‍ ചീഫ് ജസ്റ്റിസ്

single-img
2 May 2018

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിലവിലെ അവസ്ഥ വിനാശകരമാണെന്നും കൂട്ടായ നേതൃത്വം ഇതിനെ മറികടക്കാന്‍ ആവശ്യമാണെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. മുന്‍ എന്‍.ഡി.എ മന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജുഡീഷ്യറി സ്വതന്ത്രമായി നിലകൊള്ളുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജുഡീഷ്യറിയുടെ പരമാധികാരം ഉറപ്പുവരുത്താനിയില്ലെങ്കില്‍ ജുഡീഷ്യല്‍ സമ്പ്രദായം ആകെ താറുമാറാകുന്ന ദിവസം വരാന്‍ അധികം കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ജഡ്ജിമാര്‍ അഭിപ്രായ രൂപീകരണത്തില്‍ ഇടഞ്ഞു നില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലോധ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. ‘ഡ്യൂട്ടി റോസ്റ്റര്‍ ഇടാന്‍ ചുമതലപ്പെട്ടയാള്‍ ചീഫ് ജസ്റ്റിസ് ആണെന്ന കാര്യത്തില്‍ സംശയമില്ല.

പക്ഷെ എന്ന് കരുതി അദ്ദേഹത്തിന് എന്തുമാവാമെന്നല്ല. സ്ഥാപനത്തിന്റെ താത്പര്യം സംരക്ഷിക്കണം, അതോടൊപ്പം തന്നെ കേസുകളുടെ അലോക്കേഷന്‍ നീതിയുക്തവുമാവണം’, ലോധ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എല്ലാ ജഡ്ജിമാരെയും ഒരുമിച്ചു നിര്‍ത്തണമെന്നും രാജ്യത്തിന്റെ നീതി കാക്കണമെന്നും ലോധ ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്നും പ്രത്യേക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി കേസുകള്‍ പ്രത്യേക ബഞ്ചുകള്‍ക്ക് വിടുന്നു എന്നിവയായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണങ്ങള്‍.

സുതാര്യമല്ലാത്ത പ്രവര്‍ത്തനമാണ് കൊളീജിയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന അഭിപ്രായം നേരത്തെ തന്നെ ഉണ്ടായിരുന്നു. കൊളീജിയത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചെലമേശ്വര്‍ തന്റെ എതിരഭിപ്രായം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല, കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കെടുക്കാറുമുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു കൊല്ലമായി ഇതാണ് തുടര്‍ന്നുവരുന്ന സ്ഥിതി. ഏതാനും ഹൈക്കോടതി ജസ്റ്റിസുമാരെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള അനിഷ്ടവും പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു.

രാജ്യത്തെ നീതിന്യായ സംവിധാനം കുഴപ്പം പിടിച്ച അവസ്ഥയിലേക്കെത്തുന്ന കാലം വിദൂരമല്ലെന്നും പുതിയ സംഭവവികാസങ്ങളെ ഓര്‍മ്മിപ്പിച്ച് ലോധ കൂട്ടിച്ചേര്‍ത്തു.