നോക്കി വായിക്കാതെ പതിനഞ്ച് മിനിട്ട് ‘മാതൃഭാഷ’യിൽ സംസാരിക്കാനാകുമോ?: രാഹുലിനെ വെല്ലുവിളിച്ച് മോദി

single-img
1 May 2018

രാഹുൽ ഗാന്ധിയെ തിരഞ്ഞുപിടിച്ച് ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെപ്പറ്റി ഏതെങ്കിലും ഭാഷയില്‍ 15 മിനിട്ട് സംസാരിക്കാന്‍ അദ്ദേഹം രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ചു. കഴിഞ്ഞ ഏപ്രില്‍ 17 ന് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഉന്നയിച്ച വിമര്‍ശത്തിന് മറുപടി നല്‍കിക്കൊണ്ടായിരുന്നു മോദിയുടെ വെല്ലുവിളി.

പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ഭയമാണെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞമാസം അമേഠിയില്‍ നടന്ന ചടങ്ങിനിടെ ആരോപിച്ചിരുന്നു. റാഫേല്‍ യുദ്ധവിമാന കരാറിനെപ്പറ്റി പാര്‍ലമെന്റില്‍ 15 മിനിട്ട് സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രിക്ക് അത് താങ്ങാന്‍ കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ മോദി നല്‍കിയത്.

തിരഞ്ഞെടുപ്പു പ്രചാരണം തീരും മുൻപ് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ച് പേപ്പറിന്റെ സഹായമില്ലാതെ 15 മിനിറ്റ് തുടർച്ചയായി സംസാരിക്കാനായിരുന്നു കോൺഗ്രസ് അധ്യക്ഷനോട് മോദിയുടെ വെല്ലുവിളി. ഇതിനായി രാഹുലിന് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദിയിലോ ഇംഗ്ലിഷിലോ ‘മാതൃ ഭാഷ’യിലോ രാഹുലിനു സംസാരിക്കാം– മോദി പറഞ്ഞു.

വന്ദേ മാതരത്തേക്കുറിച്ചോ, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചോ ഒരു ധാരണയുമില്ലാത്ത ചില കോൺഗ്രസ് നേതാക്കളുണ്ട്. അവരോടായി എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്. 2009നകം രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് 2005ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രഖ്യാപിച്ചിരുന്നു.

എന്നിട്ട് എന്തു സംഭവിച്ചു? ഈ വാഗ്ദാനം പാലിക്കാൻ ബിജെപി സർക്കാർ അധികാരത്തിലേറേണ്ടി വന്നു. സ്വന്തം പ്രധാനമന്ത്രിയുടെ വാക്കുകൾക്കു ചെവികൊടുക്കാതെ ഓർഡിനൻസുകൾ കീറിയെറിഞ്ഞ ചരിത്രമാണ് കോൺഗ്രസുകാരുടേത്. മൻമോഹൻ സിങ്ങിനെ അനുസരിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം സോണിയ ഗാന്ധിയെയെങ്കിലും കേൾക്കാൻ തയാറാകണമെന്നും മോദി പറഞ്ഞു.

രാഷ്ട്രീയത്തെ ദുഷിപ്പിക്കുകയും ജനാധിപത്യത്തെ നശിപ്പിക്കുകയും ചെയ്തവരാണ് കോൺഗ്രസ്സുകാർ. കർണാടകയിൽ കുടുംബ രാഷ്ട്രീയമല്ല, ജനങ്ങളുടെ രാഷ്ട്രീയമാകും അന്തിമവിജയം നേടുക. ഈ വരുന്ന മേയ് 12ന് കർണാടകയുടെ ഭാവി നിങ്ങൾക്കു തീരുമാനിക്കാം. ഇവിടെ നിന്നുള്ള കേന്ദ്രമന്ത്രിമാരിൽ അഴിമതിക്കറ പുരണ്ടവർ ആരുമില്ലെന്ന് ഓർമിക്കുക.

നോട്ട് അസാധുവാക്കൽ നടപടിയിലൂടെ കള്ളപ്പണം നഷ്ടമായിപ്പോയ നിരവധി പേർ കര്‍ണാടകയിലുണ്ട്. മുൻപ് കർണാടക എന്നു കേൾക്കുമ്പോൾ നമുക്ക് അഭിമാനം തോന്നിയിരുന്നു. ഇന്ന് ഇവിടുത്തെ ക്രമസമാധാന നില പോലും തകർന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ശേഷിക്കെയാണു മോദി വീണ്ടും കർണാടകയിലെത്തിയത്.