മോദിയെ കള്ളനെന്ന് വിളിച്ചു; പ്രകാശ്‌രാജിനും ജിഗ്നേഷ് മേവാനിക്കുമെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ പരാതി

single-img
1 May 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നടന്‍ പ്രകാശ് രാജിനും, സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മേവാനിക്കുമെതിരെ ബിജെപിയുടെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന കര്‍ണാടകയിലെ ബിജെപി ജില്ലാ നേതൃത്വമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

ബെംഗളൂരുവില്‍ നടന്ന ഒരു ചടങ്ങിനിടെ ഏപ്രില്‍ 29 ന് ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ രാജ്യത്തെ വില്‍പ്പന നടത്തുന്ന കോര്‍പ്പറേറ്റ് സെയില്‍മാനെന്നും കള്ളനെന്നും വിളിച്ചിരുന്നു. ഇതാണ് ബി.ജെ.പി നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ജിഗ്നേഷ് മേവാനിക്കൊപ്പം പ്രകാശ് രാജും പ്രധാനമന്ത്രിയേയും, യെദ്യൂരപ്പയെയും പല സന്ദര്‍ഭങ്ങളിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മോദിയുടെയും യെദ്യൂരപ്പയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജിഗ്നേഷ് മേവാനിയും പ്രകാശ് രാജും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ബിജെപി ആരോപിക്കുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യെദ്യൂരപ്പ ഓടിപ്പോകുമെന്ന് പറഞ്ഞ എ.കെ.സുബ്ബയ്യക്കെതിരെയും ബിജെപി പരാതി നല്‍കിയിട്ടുണ്ട്. മെയ് 12ന് ആണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്. മെയ് 15 നാണ് ഫലപ്രഖ്യാപനം.