കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടും രാജ്യത്ത് പെട്രോളിനോ ഡീസലിനോ വില കൂടിയില്ല;മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് വ്യക്തമായി

single-img
30 April 2018

രാജ്യത്തെ ഇന്ധനവില കഴിഞ്ഞ ആറ് ദിവസമായി വ്യത്യാസമില്ലാതെ തുടരുന്നു. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടും കഴിഞ്ഞ ആറു ദിവസമായി ഇന്ധന വില കൂട്ടാത്തത് മോദി സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നാണ് സൂചന. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ധന വില കുതിച്ചുയരുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ദൈനംദിന വില നിര്‍ണയം താത്ക്കാലികമായി റദ്ദാക്കിയതായാണ് സൂചന.

ഏപ്രില്‍ 24നാണ് അവസാനമായി ഇന്ധന വിലയില്‍ വര്‍ധനയുണ്ടായത്. അതിന് മുമ്പുള്ള എല്ലാ ദിവസങ്ങളിലും വിലയില്‍ ചെറുതും വലുതമായ വ്യത്യാസം ഉണ്ടായിരുന്നു. 24ന് ശേഷം ആറ് ദിവസമായി പെട്രോളിനും ഡീസലിനും വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

അതേസമയം ആഗോള വിപണയില്‍ ഈ ദിവസങ്ങളില്‍ എണ്ണ വില ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിനനുസൃമായിട്ടാണ് നേരത്തെ വിലവര്‍ധിപ്പിക്കുന്നതെന്നായിരുന്നു എണ്ണ കമ്പനികളുടേയും സര്‍ക്കാരിന്റേയും വിശദീകരണം. മെയ് 12നാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്.

നേരെത്ത ആഗോള വിപണിയില്‍ ഇന്ധന വില കുറയുന്ന വേളയിലും രാജ്യത്തെ അഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നുണ്ടായിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്രം അന്ന് സ്വീകരിച്ചിരുന്നത്. റിലയന്‍സ് അടക്കമുള്ള സ്വാകാര്യകമ്പനികളുടെ സമ്മര്‍ദ്ദത്തിലാണ് സര്‍ക്കാരെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.