വാതകചോര്‍ച്ചയെന്ന് കരുതി കോളേജ് ലൈബ്രറി ഒഴിപ്പിച്ചു; സത്യത്തില്‍ സംഭവിച്ചത്

single-img
30 April 2018

ഓസ്‌ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കഴിഞ്ഞ ദിവസം ഒരു സംഭവം നടന്നു. വൈകീട്ട് മൂന്ന് മണിയോട് കൂടി മെല്‍ബണിലെ മെട്രോപൊളിറ്റന്‍ അഗ്‌നിശമനസേനയ്ക്ക് ഒരു സന്ദേശമെത്തി. കോളേജില്‍ വാതകചോര്‍ച്ചയുണ്ടെന്നായിരുന്നു സന്ദേശം.

ഉടന്‍ തന്നെ അഗ്‌നിശമനസേന സ്ഥലത്തെത്തി. കോളേജിലെ ലൈബ്രറിയില്‍ നിന്നായിരുന്നു ഗന്ധം വന്നിരുന്നത്. ഇതേ തുടര്‍ന്ന് ലൈബ്രറിയിലുണ്ടായിരുന്നു 500ഓളം വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. തുടര്‍ന്ന് സംഘം ‘വാതക ചോര്‍ച്ച’യുടെ ഉറവിടത്തിനായി തെരച്ചില്‍ ആരംഭിച്ചു.

സമഗ്രമായ തെരച്ചിലിന് ശേഷം ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തി. എല്ലാവരും ഭയപ്പെട്ടത് പോലെ ‘വാതകം’ ആയിരുന്നില്ല ചോര്‍ന്നത്. ഡ്യൂറിയന്‍ എന്നയിനം പഴം ചീഞ്ഞ ഗന്ധമായിരുന്നു അത്. ഒരു അലമാരക്കകത്തായിരുന്നു പഴമിരുന്നിരുന്നത്. കെട്ടിടത്തില്‍ എസി ഉണ്ടായിരുന്നതിനാലാണ് ഗന്ധം കെട്ടിടം മുഴുവന്‍ വ്യാപിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന പഴമാണ് ഡ്യൂറിയന്‍.