ജമ്മുകശ്മീര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; കത്‌വ എംഎല്‍എയ്ക്ക് മന്ത്രിയായി ‘സ്ഥാനക്കയറ്റം’; കവീന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രി

single-img
30 April 2018

കത്‌വ പീഡനകൊലപാതകത്തിലെ പ്രതികളെ പിന്തുണച്ച രണ്ട് മന്ത്രിമാര്‍ രാജിവെച്ചതിന് പിന്നാലെ ജമ്മുകശ്മീര്‍ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ബിജെപിയില്‍ നിന്ന് ആറും പിഡിപിയില്‍ നിന്ന് രണ്ടും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് 12 മണിക്ക് ശ്രീനഗറിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍എന്‍ വൊറയാണ് പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മന്ത്രിസഭാ പുനഃസംഘടനയ്ക്കു മുന്നോടിയായി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് ഇന്നലെ രാജിവച്ചിരുന്നു. ഗാന്ധിനഗര്‍ എംഎല്‍എയും സ്പീക്കറുമായിരുന്ന കവിന്ദര്‍ ഗുപ്തയാണു നിര്‍മല്‍ സിങ്ങിനു പകരം പുതിയ ഉപമുഖ്യമന്ത്രി. കത്‌വയിലെ ബിജെപി എംഎല്‍എ രാജീവ് ജാസ്‌രോട്ടിയ കാബിനറ്റ് പദവിയോടെയാണ് മന്ത്രിസഭയിലെത്തിയത്.

ബിജെപി സംസ്ഥാന ഘടകം തലവനും എംഎല്‍എയുമായ സാത് ശര്‍മ, സാംബ എംഎല്‍എ ദേവിന്ദര്‍ കുമാര്‍ എന്നിവരും മന്ത്രിസഭയിലെത്തി. ദോഡ ശക്തി രാജിലെ ബിജെപി എംഎല്‍എ ശക്തി പരിഹാര്‍ സഹമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ വകുപ്പുകള്‍ വ്യക്തമാക്കിയിട്ടില്ല.

ബിജെപിയുടെ ഗതാഗത സഹമന്ത്രി സുനില്‍ ശര്‍മയെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. പിഡിപിയുടെ പുല്‍വാമ എംഎല്‍എ മുഹമ്മദ് ഖലീല്‍ ബാന്ദ്, സോന്‍വാര്‍ എംഎല്‍എ മുഹമ്മദ് അഷ്‌റഫ് മിര്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം കഠ്‌വയില്‍ എട്ടുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി മന്ത്രിസഭ പുനഃസംഘടനയ്ക്കു യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു പുതിയ മന്ത്രിമാരെന്നും റാം വ്യക്തമാക്കി.

കത്വ പീഡനക്കേസിലെ പ്രതികളെ പിന്തുണച്ചുള്ള പ്രകടനത്തില്‍ പങ്കെടുത്ത ബിജെപിയുടെ വനംമന്ത്രി ലാല്‍ സിങ്, വ്യവസായമന്ത്രി ചന്ദര്‍ പ്രകാശ് എന്നിവര്‍ അടുത്തിടെ രാജി വച്ചിരുന്നു. പിന്നാലെ എല്ലാ പാര്‍ട്ടി മന്ത്രിമാരില്‍ നിന്നും ഏപ്രില്‍ 17ന് ബിജെപി രാജിക്കത്ത് എഴുതിവാങ്ങുകയും ചെയ്തു. എന്നാല്‍ ഇതു ഗവര്‍ണര്‍ എന്‍.എന്‍.വോഹ്‌റയ്ക്കു കൈമാറിയിരുന്നില്ല.