പെട്രോള്‍ കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടി; നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെ ഉല്‍പാദനം കുറയ്ക്കുന്നു

single-img
30 April 2018

 

കാര്‍ നിര്‍മാതാക്കള്‍ ഡീസല്‍ കാറുകളുടെ ഉല്‍പാദനം കുറയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം കുറയുന്നതും ഡീസല്‍ എന്‍ജിനുകള്‍ക്കെതിരായ സര്‍ക്കാര്‍ നയങ്ങളുമാണ് നിര്‍മാതാക്കളെ ഇതിന് പ്രേരിപ്പിക്കുന്നത്.

പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം നാലുകൊല്ലം മുന്‍പ് 15 രൂപയോളം ഉണ്ടായിരുന്നത് ഇപ്പോള്‍ 7 രൂപയോളമായി കുറഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി 2020 മുതല്‍ രാജ്യത്ത് ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരമുള്ള പെട്രോളും ഡീസലും ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവും ഡീസല്‍ കാറുകളുടെ ഉല്‍പാദനം കുറയ്ക്കാന്‍ കാരണമായതായാണ് വിലയിരുത്തല്‍.

മാറ്റത്തിന് തുടക്കമെന്നോണം ടൊയോട്ട യാരിസ്, പെട്രോള്‍ എന്‍ജിന്‍ മാത്രമായാണ് എത്തുന്നത്. സെഡാന്‍ വിഭാഗത്തിലെ എത്തിയോസിനും ഹാച്ച് ബാക്ക് ലിവയ്ക്കും പെട്രോള്‍ ഡീസല്‍ വേരിയന്റുകള്‍ പുറത്തിറക്കിയ ടൊയോട്ട യാരിസിന്റെ കാര്യത്തില്‍ ഒരു പുനര്‍ വിചിന്തനത്തിനു തയ്യാറെടുത്തിരിക്കുകയാണ്.

യാരിസിന്റെ പെട്രോള്‍ വേരിയന്റ് മാത്രമാണ് കമ്പനി അനൗണ്‍സ് ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ മൂന്നുവര്‍ഷമായി പെട്രോള്‍ കാറുകള്‍ക്കാണ് ഡിമാന്‍ഡ് എന്നാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഡപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍.രാജയുടെ വിശദീകരണം.

ടൊയോട്ട കൊറോളയുടെ പെട്രോള്‍ വേരിയന്റിനുള്ള ഡിമാന്‍ഡ് 75 ശതമാനത്തില്‍ നിന്ന് 89 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. 2013ല്‍ പുതിയ പെട്രോള്‍ കാറുകളുടെ അത്രയും തന്നെ ഡീസല്‍ കാറുകളും നിരത്തിലിറങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ കൊല്ലമായപ്പോഴെക്കും ഡീസല്‍ കാറുകള്‍ 23 ശതമാനമാത്രമായി കുറഞ്ഞു.

സാധാരണഗതിയില്‍ എസ്‌യുവി, ലക്ഷ്വറി വിഭാഗത്തില്‍ പെട്രോളിനേക്കാള്‍ ഡീസല്‍ എന്‍ജിനാണ് പ്രിയമേറെ. എന്നാല്‍ ഈ വിഭാഗങ്ങളും പെട്രോളിലേക്ക് മാത്രമായി ചുരുങ്ങുന്നത് പ്രകടമാണ്. അടുത്തിടെ ബിഎംഡബ്‌ള്യു സിക്‌സ് സീരീസ് ജിടി പെട്രോള്‍ മാത്രമാണ് ഇറക്കിയത് എന്നത് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു.

2015 ഡിസംബറില്‍ ഡീസല്‍ എന്‍ജിനുകള്‍ക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയത് 2016 ഓഗസ്റ്റില്‍ എടുത്തുകളഞ്ഞിരുന്നു. എന്നിരുന്നാലുും ഡീസല്‍ എന്‍ജിനുകള്‍ക്കെതിരെയുള്ള നീക്കമായിത്തന്നെ ഭൂരിഭാഗം പേരും ഇതിനെ വിലയിരുത്തുന്നുണ്ട്. ഇതും പെട്രോള്‍ കാറുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ കാരണമായി.