ആറു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോട്ടിലിട്ട് പീഡിപ്പിച്ചു; നാട്ടുകാര്‍ വീഡിയോയെടുത്ത് കാഴ്ചക്കാരായി നിന്നു

single-img
30 April 2018

ബിഹാറില്‍ ആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോട്ടിലിട്ട് പീഡിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജെഹനാബാദിലാണ് സംഭവം.

പട്ടാപ്പകലാണു പെണ്‍കുട്ടിക്കുനേരെ ആറു യുവാക്കള്‍ അക്രമം നടത്തിയത്. വസ്ത്രം വലിച്ചു കീറുകയും ലൈംഗികമായി ആക്രമിക്കുകയും ചെയ്യുന്നവരോട് പെണ്‍കുട്ടി ആര്‍ത്തുകരഞ്ഞ് അപേക്ഷിച്ചിട്ടും യുവാക്കള്‍ ഒരു ദയയും കാണിക്കുന്നില്ല. ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ ആനന്ദിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

വീഡിയോയില്‍ കണ്ട ഒരു ബൈക്കിന്റെ നമ്ബര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ഇത് ജെഹ്നാബാദില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. ഇതു ഉപയോഗിച്ച് അക്രമികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷനിലെ മേല്‍വിലാസം വെച്ച് നടത്തിയ അന്വേഷണത്തില്‍ ബൈക്കുടമ മൂന്ന് വര്‍ഷമായി പട്‌നയില്‍ സ്ഥിര താമസക്കിയിട്ടുള്ളയാളാണെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ എവിടെയാണ് ഇതു നടന്നതെന്നു സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് – ജെഹാനാബാദ് എസ്പി മനീഷ് പറഞ്ഞു.