സബ്കാ വികാസ് അല്ല, സബ്കാ വിനാശ്; മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധരാമയ്യ

single-img
29 April 2018

ബംഗളുരു: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തെ പരിഹസിച്ച്‌ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.സബ് കാ സാഥ് സബ്കാ വികാസ് എന്ന മോദിയുടെ പ്രധാന വാക്യം എടുത്തുപറഞ്ഞായിരുന്നു സിദ്ധരാമയ്യയുടെ വിമര്‍ശനം. സബ്കാ വികാസ് അല്ല, സബ്കാ വിനാശ് ആണ് സംഭവിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ബിജെപി ജയില്‍പുള്ളികളുടെ പാര്‍ട്ടിയാണ്. ബിജെപിയുടെ പ്രധാന നേതാക്കളെല്ലാം ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ വരുമ്പോള്‍ എന്തിനാണ് അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചത് എന്ന് ചോദിക്കണം. കൊലപാതക കേസിലാണ് അമിത് ഷാ ജയിലില്‍ കിടന്നത്. കര്‍ണാടകയിലെ ബിജെപിയുടെ ഏഴ് നേതാക്കളും ജയിലില്‍ കിടന്നിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അടക്കമുള്ളവര്‍ ജയില്‍ശിക്ഷ അനുഭവിച്ചത് അഴിമതിക്കും ദുര്‍നടപ്പിനുമാണ്. അങ്ങനെയുള്ളവര്‍ അധികാരത്തിലേക്ക് മടങ്ങിവരണോ എന്നും സിദ്ധരാമയ്യ ചോദിച്ചു

മോദി ഒരിക്കലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല. പുതിയ ജോലികള്‍ സൃഷ്ടിക്കും എന്നു പറഞ്ഞു. കള്ളപ്പണം തിരിച്ച്‌ കൊണ്ടുവരും എന്നു പറഞ്ഞു. എന്നാല്‍ ഇതൊന്നു പാലിക്കപ്പെട്ടിട്ടില്ല. കര്‍ഷകരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം പാലിച്ചു എന്നും സിദ്ധരാമയ്യ പറഞ്ഞു.