ലോക സുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമര്‍ശം: ‘പുലിവാലുപിടിച്ച’ ത്രിപുര മുഖ്യമന്ത്രി മാപ്പ് പറഞ്ഞു

single-img
28 April 2018

ന്യൂഡല്‍ഹി: മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡനെതിരെ വിവാദ പരാമര്‍ശം നടത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് ഒടുവില്‍ താരത്തോട് മാപ്പ് പറഞ്ഞു. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ അതിന്റെ മാന്യത പാലിക്കണമെന്ന ഡയാനയുടെ രൂക്ഷപരാമര്‍ശം പുറത്ത് വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മാപ്പ് പറച്ചില്‍.

‘സംസ്ഥാനത്തെ കൈത്തറി ഉല്‍പന്നങ്ങള്‍ എങ്ങനെ മകച്ച രീതിയില്‍ വിപണനം ചെയ്യാം എന്ന കാര്യം സംസാരിക്കുന്നതിനിടെയാണ് ഞാന്‍ പരാമര്‍ശം നടത്തിയത്. എന്റെ പരാമര്‍ശത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാകുകയോ അപമാനിക്കപ്പെട്ടതായി തോന്നുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിക്കുന്നു.

ഞാന്‍ എല്ലാ സ്ത്രീകളെയും എന്റെ അമ്മയെ എന്നപോലെ ബഹുമാനിക്കുന്നു’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ലോകസുന്ദരിമാരില്‍ ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്നായിരുന്നു ബിപ്ലബ് കുമാര്‍ ദേബിന്റെ വിവാദ പരാമര്‍ശം. എന്നാല്‍ ഐശ്വര്യ റായി അങ്ങനെയല്ല.

ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യയാണ്. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റേയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടേയും സരസ്വതി ദേവിയുടേയും സവിശേഷതകളുണ്ടാകണം. എന്നാല്‍ ഡയാന ഹെയ്ഡന് അതില്ല. സൗന്ദര്യമത്സരത്തില്‍ ഏത് ഇന്ത്യക്കാരി പങ്കെടുത്താലും കിരീടം ലഭിക്കും.

ഡയാനക്കു പോലും അത് ലഭിച്ചു അഗര്‍ത്തലയില്‍ ഡിസൈന്‍ വര്‍ക് ഷോപ്പ് ഉദ്ഘാടനം ചെയ്യവേയായിരുന്നു ബിപ്ലവിന്റെ വിവാദ പ്രസ്താവന. ബിപ്ലബ് കുമാര്‍ ദേബിന്റെ പരാമര്‍ശത്തിനെതിരെ ഡയാന ഹെയ്ഡന്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

‘ഇരുണ്ടനിറമായതിനാല്‍ കുട്ടിക്കാലം മുതല്‍ വേര്‍തിരിവ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിവേചനത്തിനെതിരേയുള്ള പോരാട്ടമായിരുന്നു അന്ന് മുതല്‍. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ നേട്ടത്തില്‍ ജനങ്ങള്‍ അഭിമാനിക്കുകയാണ് ചെയ്തിട്ടുള്ളത്.

ഞാനൊരു ഇരുണ്ടനിറമുള്ള ഇന്ത്യക്കാരിയാണ്, അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. മന്ത്രിയുടെ പരാമര്‍ശം എന്നെ വേദനിപ്പിച്ചു. അദ്ദേഹം വളരെ പ്രധാനപ്പെട്ട സ്ഥാനത്തിരിക്കുന്നൊരാളാണ്. അതുകൊണ്ടുതന്നെ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ശ്രദ്ധയുണ്ടാവേണ്ടതുമാണ്.’ ഡയാന ഹെയ്ഡന്‍ പറഞ്ഞു. ഡയാന ഹെയ്ഡന്റെ പ്രതികരണമുണ്ടായതിനു തൊട്ടു പിന്നാലെയാണ് ഖേദപ്രകടനവുമായി ബിബ്ലബ് ദേബ് രംഗത്തെത്തിയത്.