പിണറായി കൂട്ടക്കൊല: സൗമ്യയുടെ വഴിവിട്ട ജീവിതമാണ് പിരിയാന്‍ കാരണമെന്ന് മുന്‍ ഭര്‍ത്താവ് കിഷോര്‍

single-img
28 April 2018

പിണറായി കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യയുടെ മുന്‍ ഭര്‍ത്താവ് കിഷോറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സൗമ്യയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിയാന്‍ കാരണമെന്നാണ് കിഷോറിന്റെ മൊഴി. ആദ്യ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുളള സൗമ്യയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കിഷോറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തത്.

പതിനെട്ട് വയസുളളപ്പോഴാണ് സൗമ്യയെ പ്രണയിച്ച് വിവാഹം കഴിച്ചതെന്നും വിവാഹം നിയമപരമായി രജിസ്ട്രര്‍ ചെയ്തിരുന്നില്ലെന്നും കിഷോര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സൗമ്യയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിവാക്കാന്‍ കാരണം.

ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണെന്നും വഴിവിട്ട ജീവിതം താന്‍ ചോദ്യം ചെയ്തപ്പോള്‍ സൗമ്യ വിഷം കുടിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കിഷോര്‍ മൊഴി നല്‍കി. കോട്ടയത്തെ വീട്ടില്‍ വെച്ചായിരുന്നു ഇതെന്നും അതിന് ശേഷം കത്തെഴുതിവെച്ച് സൗമ്യ വീട്ടില്‍ നിന്നും നാട്ടിലേക്ക് വന്നതാണെന്നും അഞ്ചു വര്‍ഷവുമായി യാതൊരു ബന്ധവുമില്ലെന്നും കിഷോര്‍ പറഞ്ഞു.

ആദ്യ കുട്ടിയെ താന്‍ കൊലപ്പെടുത്തിയതല്ല എന്നു നേരത്തേ സൗമ്യ വ്യക്തമാക്കിയിരുന്നു. ആദ്യ കുട്ടി കീര്‍ത്തന മരിച്ചത് അസുഖം വന്നായിരുന്നു എന്നാണ് കിഷോറും മൊഴി കൊടുത്തത്. കാതു കുത്തിന് ശേഷമാണ് അസുഖം കണ്ടു തുടങ്ങിയത്. സ്ഥിരമായി കരച്ചിലായിരുന്നെന്നും പറഞ്ഞു.

ഇതിനിടെ സൗമ്യയുമായി ബന്ധമുണ്ടായിരുന്ന നാല് പേരെ ഇന്നലെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സൗമ്യയെ ഇന്ന് ഉച്ചക്ക് ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കും. സൗമ്യക്ക് വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്നാണ് സൂചന. തലശേരി സ്വദേശിയായ സൗമ്യയുടെ സുഹൃത്താണ് ആളൂരിനെ കേസ് ഏല്‍പ്പിച്ചതെന്നാണ് വിവരം.