നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിവാട്: മൃഗബലി നടത്തി പാലക്കാട് പോലീസ്

single-img
28 April 2018

പാലക്കാട്: രാജ്യത്ത് നിരോധിച്ച മൃഗബലി നടത്തി പാലക്കാട് പൊലീസ്. കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തില്‍ വെച്ച് നെന്മാറ സി.ഐയുടെ നേതൃത്വത്തിലാണ് പൊലീസുകാര്‍ മൃഗബലി നടത്തിയത്. നെന്മാറ വേല പ്രശ്‌നങ്ങള്‍ ഇല്ലാതെ നടന്നതിനുള്ള വഴിപാടായാണ് ആടിനെ ബലി നല്‍കി പൂജ നടത്തിയത്.

എല്ലാ വര്‍ഷവും പൊലീസുകാര്‍ ഇങ്ങനെ മൃഗബലി നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആടിനേയും പാചകം ചെയ്യാനുള്ള സാമഗ്രികളുമൊക്കെ മഫ്തിയിലുള്ള പൊലീസുകാരാണ് എത്തിച്ചത്. ആടിനെ അറുക്കാനും പാചകം ചെയ്യാനും സഹായികള്‍ ഉണ്ടായിരുന്നെങ്കിലും പൂജയൊക്കെ പോലീസുകാരാണ് നടത്തിയത്.

ആടിനെ അറുത്ത് പാചകം ചെയ്ത് കഴിഞ്ഞപ്പോഴേക്കും നെന്മാറ സിഐയും മറ്റു പോലീസുകാരും പോലീസ് വാഹനത്തിലെത്തി. ക്ഷേത്രത്തില്‍ പോയി തൊഴുതിറങ്ങിയ ശേഷം എല്ലാവരും ചേര്‍ന്ന് പാചകം ചെയ്ത ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്.

സംഭവം വിവാദമായതോടെ മൃഗബലിയില്‍ പങ്കെടുത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാലക്കാട് എസ്.പി. നിര്‍ദ്ദേശം നല്‍കി. എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും ഈ ക്ഷേത്രത്തില്‍ മൃഗബലി ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.