ഡോക്‌ലാം പ്രതിസന്ധിക്ക് ശേഷം ഇന്ത്യയും ചൈനയും സമാധാനത്തിനായി വീണ്ടും കൈകോര്‍ക്കുന്നു: ഭീകരവാദത്തിനെതിരേ ഒരുമിച്ച് പോരാടും

single-img
28 April 2018

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായി. സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ചായ് പേ ചര്‍ച്ചയ്ക്കും, ബോട്ട് സവാരിക്കിടയിലും നടത്തിയ ചര്‍ച്ചയിലുമാണ് സമാധാനം ഉറപ്പാക്കാന്‍ ഒരുമിച്ച് കൈകോര്‍ക്കണമെന്ന് ഇരു നേതാക്കളും തമ്മില്‍ ധാരണയായത്.

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാന്‍ ധാരണയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടത്താന്‍ പ്രത്യേകം പ്രതിനിധികളെ അതിര്‍ത്തിയില്‍ നിയോഗിക്കാനും ഇരു നേതാക്കളും തമ്മില്‍ ധാരണയായിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിജയ് ഗോഗലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇരു സൈന്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വളര്‍ത്താന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശം കൊണ്ട് വരും. വ്യാപാര വ്യവസായ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാനും ധാരണയായിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇരുരാജ്യങ്ങളുടേയും സംയുക്ത സഹകരണത്തോടെ വന്‍കിട വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും ധാരണയായിട്ടുണ്ട്.

നിലവില്‍ അതിര്‍ത്തിയിലെ ഭൂമി പ്രശ്‌നം സംബന്ധിച്ച് ചില അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ പ്രത്യേക സമിതി നിലവില്‍ ഉണ്ട്. ആ സമിതി വീണ്ടും യോഗം ചേരുമെന്നും വിജയ് ഗോഗലെ അറിയിച്ചു. ഡോക്‌ലാമിലെ പ്രതിസന്ധി ശേഷം ഒമ്പത് മാസത്തിനിപ്പുറമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദിയും, ഷി ജിന്‍പിങ്ങും അനൗദ്യോഗിക ചര്‍ച്ച നടത്തുന്നത്. ഇന്ന് ജിന്‍ പിങിന്റെ പ്രത്യേക ഉച്ചഭക്ഷണ ക്ഷണത്തിന് ശേഷം പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദര്‍ശനം അവസാനിക്കും.

മോദിക്കു ചൈനയുടെ പരമ്പരാഗത സല്‍ക്കാരമായ ചായ നല്‍കിയാണു വുഹാന്‍ ഉച്ചകോടിയുടെ രണ്ടാംദിനത്തിനു ഷി തുടക്കമിട്ടത്. ഈസ്റ്റ് ലെയ്ക്ക് തീരത്തെ പൂന്തോട്ട കാഴ്ചകള്‍ ഷി മോദിക്കു കാണിച്ചുകൊടുത്തു. തുടര്‍ന്നായിരുന്നു ചായസല്‍ക്കാരം.

ചൈനയുടെ പ്രൗഢശില്‍പഭംഗി വിളിച്ചോതുന്ന ഡബിള്‍ ഡെക്കര്‍ ബോട്ടിലെ സവാരിയായിരുന്നു അടുത്തത്. കാഴ്ചകള്‍ കണ്ടുള്ള സവാരി ഒരു മണിക്കൂര്‍ നീണ്ടു. ചായ രുചിച്ചു ബോട്ടുസവാരി നടത്തുന്നതിനിടെ മോദിയും ഷിയും ആഹ്ലാദത്തോടെ സൗഹൃദ സംഭാഷണവും നടത്തി.

ചൈനയിലേക്കു മോദിയുടെ നാലാം സന്ദര്‍ശനമായിരുന്നു ഇത്. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജൂണില്‍ അദ്ദേഹം വീണ്ടും ചൈനയിലെത്തും. കൂടുതല്‍ യോജിച്ചുപ്രവര്‍ത്തിക്കാനുള്ള താല്‍പര്യം തുറന്നുപറഞ്ഞാണ് ഉച്ചകോടി സമാപിക്കുന്നത്. കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദുങ്ങിന്റെ ഇഷ്ട വിശ്രമകേന്ദ്രമായിരുന്ന വുഹാനാണ് ഉച്ചകോടിക്കു വേദിയായത്.

ഹുബെയ് പ്രൊവിന്‍ഷ്യല്‍ മ്യൂസിയത്തില്‍ മോദിയെ വരവേറ്റ ഷി, 40 മിനിറ്റോളം ഇവിടത്തെ കാഴ്ചകള്‍ അദ്ദേഹത്തെ നടന്നുകാണിച്ചു. ഇരുപക്ഷത്തുനിന്നും ആറംഗ ഉദ്യോഗസ്ഥ സംഘം ഉള്‍പ്പെട്ട ചര്‍ച്ചയുമുണ്ടായി. 2019ല്‍ ഇതുപോലെ ഡല്‍ഹിയില്‍ ഉച്ചകോടി നടത്താന്‍ ഷിയെ ക്ഷണിച്ചു.