ലിഗയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

single-img
28 April 2018

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലിഗയുടേത് കൊലപാതകമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബലപ്രയോഗത്തിനിടെയാണ് മരണം. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുമുണ്ട്. വിദഗ്ദ സംഘം തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകിട്ട് പൊലീസിന് കൈമാറും.

ലിഗയുടെ കുടുംബാംഗങ്ങള്‍ ആദ്യഘട്ടം മുതല്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ആ സംശയങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടോടെ സത്യമാണെന്ന് തെളിയുന്നത്. ലിഗയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ശ്വാസതടസ്സം കൊണ്ട് ഉണ്ടായതാണെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ നിഗമനം.

ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്ന ആദ്യ നിഗമനത്തെ സാധൂകരിക്കുന്ന രീതിയിലാണ് പുതിയ തെളിവ്. ലിഗയുടെ കഴുത്തിലും രണ്ട് കാലുകളിലും ആഴത്തില്‍ മുറിവുകളുണ്ടായിരുന്നതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇത് ബലപ്രയോഗത്തിനിടയില്‍ സംഭവിച്ചതാകാമെന്ന് അന്വേഷണസംഘം സംശയിക്കുന്നു.

ലിഗയുടെ ഇടുപ്പെല്ലിനും ക്ഷതമുണ്ട്. ബലത്തില്‍ പിടിച്ചുതളളിയത് പോലെയാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥലപരിശോധന നടത്തിയ ഫോറന്‍സിക് സംഘത്തിന്റേതാണ് ഈ നിഗമനം. അതേസമയം, മൃതദേഹം ആദ്യം കണ്ട പരിസരവാസികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

പൊലീസ് കാണുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ ഇവര്‍ മൃതദേഹം കണ്ടിരുന്നു എന്ന് വ്യക്തമായ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ലിഗ ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏപ്രില്‍ 20നാണ് തിരുവല്ലം വാഴമുട്ടത്തെ കായലോരത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒരു മാസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്.

പിറ്റേന്ന് സഹോദരി എലിസയും ഭര്‍ത്താവ് ആന്‍ഡ്രുവും എത്തി മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനും രണ്ടാഴ്ച മുമ്പ് നാട്ടുകാരില്‍ ചിലര്‍ മൃതദേഹം കണ്ടിരുന്നുവെന്ന് പൊലീസിന് വ്യക്തമായി. സ്ഥലത്ത് മദ്യപിക്കാനും കഞ്ചാവ് ഉപയോഗിക്കാനുമെല്ലാം എത്തിയിരുന്ന യുവാക്കളില്‍ രണ്ട് പേര്‍ മൃതദേഹം കണ്ടുവെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.

ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലിഗയുടെത് കൊലപാതകമാണെന്ന സൂചനകള്‍ നല്‍കുന്നതാണെന്നാണ് വിവരം. എന്നാല്‍ ഇവര്‍ക്ക് മരണത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കോവളത്തെത്തിയ ലിഗയെ ലഹരി ഉപയോഗിക്കുന്നയാള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന് സഹോദരി ഇലീസ് പറഞ്ഞു. സൗഹൃദത്തോടെ സമീപിച്ചാല്‍ എളുപ്പത്തില്‍ വിശ്വസിക്കുന്നതാണ് ലിഗയുടെ സ്വഭാവം. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ലിഗ വാങ്ങിയതല്ലെന്നും ഇലീസ് പറഞ്ഞു.