വിദ്യാര്‍ഥി കണ്‍സഷനെ അനുകൂലിച്ച് ഒരു വിഭാഗം ബസുടമകള്‍; കണ്‍സെഷന്‍ നിര്‍ത്തലാക്കിയാല്‍ സ്വകാര്യബസുകള്‍ റോഡില്‍ ഇറങ്ങില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍

single-img
28 April 2018

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്‍സഷനെ അനുകൂലിച്ച് ഒരു വിഭാഗം ബസുടമകള്‍ രംഗത്ത്. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് കണ്‍സഷനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ലെന്ന നിലപാട് സംഘടനക്കില്ല.

എന്നാല്‍ യാത്രാ നിരക്കില്‍ പരിഷ്‌കരണം കൊണ്ടുവരണം. വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നും ബസുടമകള്‍ പറഞ്ഞു. അതിനിടെ വിദ്യാര്‍ത്ഥികളുടെ യാത്ര ആനുകൂല്യം നിര്‍ത്തലാക്കിയാല്‍ സ്വകാര്യ ബസുകള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ അറിയിച്ചു.

ഉടമകള്‍ വെല്ലുവിളി നടത്തിയാല്‍ ബസുകള്‍ കട്ടപ്പുറത്ത് കിടക്കുമെന്ന് എസ്എഫ്‌ഐ മുന്നറയിപ്പ് നല്‍കി. യാത്രാ ആനുകൂല്യം വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും കണ്‍സെഷന്‍ നല്‍കുന്ന ബസുകള്‍ മാത്രം റോഡില്‍ ഇറങ്ങിയാല്‍ മതിയെന്നും കെഎസ്‌യു വ്യക്തമാക്കി.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഒരു വിഭാഗം ബസുടമകള്‍. കുത്തനെ ഉയര്‍ന്ന ഡീസല്‍ വില തന്നെയാണ് അതിന് കാരണമായി കാണിക്കുന്നത്. അതേസമയം, വിദ്യാര്‍ത്ഥികളുടെ ബസ് നിരക്ക് വര്‍ധിപ്പിച്ച് കിട്ടാന്‍ കോടതിയെ സമീപിക്കാനുള്ള ബസുടമകളുടെ നീക്കത്തെ നിയമപരമായി തന്നെ നേരിടുമെന്നും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ അറിയിച്ചു.